തിരുവനന്തപുരം: കരമനയ്ക്കു സമീപം നെടുങ്കാട് പുരയിടം നിരപ്പാക്കാൻ മണ്ണുലോബിയോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീഡിയോ പുറത്ത്. തുക കൈമാറാൻ വന്നയാൾ 30,000 കൊടുക്കാമെന്ന് പറയുന്നതും പോരാ 50,000 രൂപ തന്നെ വേണമെന്ന് ആവശ്യപ്പെട്ട് തുക തിരിച്ചുനൽകുന്ന ദൃശ്യമാണു പുറത്തായത്. സിപിഎം ചാല ഏരിയ കമ്മിറ്റിക്കു കീഴിലെ കുളത്തറ ബ്രാഞ്ച് സെക്രട്ടറി എസ്. രാജ് കുമാറാണു മണ്ണുലോബിയോട് കൈക്കൂലി ആവശ്യപ്പെട്ടത്.
അതേസമയം മുട്ടത്തറയിൽ റോഡ് നിർമിക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയതിനെ തുടർന്ന് കോർപറേഷൻ സിപിഎം കൗൺസിലറെ പുറത്താക്കിയതിനു പിന്നാലെയാണ് പാർട്ടിയൽ പുതിയ ആരോപണം. ഒരുമാസം മുൻപ്, കാലടി– ഐരാണിമുട്ടം ഹോമിയോ കോളജ് റോഡിന്റെ വശത്തെ ഫർണിച്ചർ കട കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടന്നത്. പുരയിടത്തിലേക്ക് മണ്ണുമായി എത്തിയ ലോറി തടഞ്ഞ സംഭവത്തിനു പിന്നാലെ, മണ്ണുലോബിയുടെ പ്രതിനിധി രാജ് കുമാറുമായി സംസാരിക്കുന്നതാണു ഓഡിയോയിൽ ഉള്ളത്.
ഒരു നിർധനകുടുംബത്തെ സഹായിക്കാൻ ഒരു ലക്ഷം രൂപ വേണമെന്ന പേരിലാണ് രാജ് കുമാർ പണം ആവശ്യപ്പെടുന്നത്. പിന്നീട് അരലക്ഷമാക്കി കുറച്ചു. ഇതിൽ ആദ്യഘട്ടമായി ആണ് 30,000 രൂപയുടെ കൈമാറ്റം. അതേസമയം നേരത്തേ, കരുമത്ത് വീടുകയറി ആക്രമണം നടത്തി മാല പിടിച്ചുപറിച്ചെന്ന കേസിൽ പ്രതിയാണ് എസ്. രാജ് കുമാർ. തുടർന്ന് ഇയാളെകുളത്തറ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സമ്മേളന കാലയളവിൽ കുളത്തറ ബ്രാഞ്ച് കമ്മിറ്റി യോഗം ചേർന്നില്ല. എന്നാൽ മാസങ്ങൾക്ക് മുൻപ് മുതിർന്ന നേതാവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ രാജ് കുമാറിനെ സെക്രട്ടറിയായി വീണ്ടും നാമനിർദേശം ചെയ്യുകയായിരുന്നു.