ആലപ്പുഴ: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ നീലംപേരൂർ പഞ്ചായത്ത് പത്താം വാർഡിൽ സിപിഎം- ബിജെപി സംഘർഷം. സിപിഎം നേതാവിന്റെ തല അടിച്ചുപൊട്ടിച്ചു. ഗുരുതരമായി പരുക്കേറ്റ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന രാംജിത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് 9 തുന്നിക്കെട്ടുകളാണ് രാംജിത്തിനുള്ളത്.
സംഭവത്തിൽ കൈനടി പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. എൽഡിഎഫിൽ നിന്ന് ബിജെപി ഭരണം പിടിച്ച നീലംപേരൂർ പഞ്ചായത്തിലാണ് സംഭവം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ രാംജിത്തിന്റെ തല അടിച്ചു തകർക്കുകയായിരുന്നു ബിജെപി പ്രവർത്തകർ. ഫലം വന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
സംഭവം ഇങ്ങനെ- പത്താം വാർഡിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർഥിയുടെ വീട്ടിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. ഇതു പിന്നീട് സംഘർഷത്തിലേക്കു മാറുകയായിരുന്ന. പത്താം വാർഡിൽ നിന്നു ബിജെപി സ്ഥാനാർഥിയാണ് വിജയിച്ചത്. അതേസമയം, സിപിഎം സ്ഥാനാർഥിയും സമീപത്തെ വീട്ടുകാരുമായി ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാൻ ചെന്നപ്പോൾ സിപിഎം നേതാക്കൾ എത്തുകയും പിന്നീട് സംഘർഷത്തിലേക്ക് പോവുകയുമായിരുന്നു എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
















































