തിരുവനന്തപുരം: കെഎസ്ആർടിസി മുൻ ഡ്രൈവറും നേമം സ്വദേശിയുമായ യദുവിനെ ആക്രമിച്ച കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവർക്ക് കോടതിയുടെ നോട്ടിസ്. മൂവരേയും ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചതിനെതിരെ യദു നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് കോടതി നോട്ടിസ് അയച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസ് ആണ് കേസ് പരിഗണിക്കുന്നത്.
മൂവരും ജനുവരി 21 ന് നേരിട്ടോ, അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകണം. എഫ്‌ഐആറിൽ പേരുള്ള എല്ലാവരെയും പ്രതിയാക്കണമെന്നും ഇപ്പോൾ സമർപ്പിച്ച കുറ്റപത്രം തള്ളണം എന്നും ആവശ്യപ്പെട്ട് യദു പുതിയ ഹർജി നൽകിയിരുന്നു. അതുപോലെ തന്നോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ സുബിനെ കൂടി പ്രതിയാക്കണം എന്നാണ് പുതിയ ഹർജിയിൽ യദുവിന്റെ ആവശ്യം. സുബിനാണു ബസിൽ ഉണ്ടായിരുന്ന മെമ്മറി കാർഡ് മേയർ അടക്കമുള്ള പ്രതികളുടെ സമ്മർദത്തെ തുടർന്ന് നശിപ്പിച്ചതെന്നാണ് യദു ഉയർത്തുന്ന ആരോപണം.
അതേസമയം ആദ്യം മുതൽ ഈ വിഷയത്തിൽ കേസ് എടുക്കാൻ പോലീസ് വിമുഖത കാണിച്ചിരുന്നു. യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച കോടതി നേരിട്ട് കേസ് എടുക്കാൻ നിർദേശിച്ചത് അനുസരിച്ചാണ് കന്റോൺമെന്റ് പോലീസ് കേസ് എടുക്കാൻ പോലും തയാറായത്. നിലവിൽ മേയറുടെ സഹോദരൻ അരവിന്ദ് എന്ന നന്ദു മാത്രമാണ് കേസിൽ പ്രതി. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം ഉണ്ടാകണമെന്നു കർശന നിർദേശം കോടതി നൽകിയിരുന്നു. എന്നാൽ മേയർ അടക്കമുള്ളവരെ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം നൽകിയത്.



















































