തിരുവനന്തപുരം:, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനു ലഭിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് പുരസ്‌കാരത്തെ ചൊല്ലി സൈബിറടത്തില്‍ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് മൂടുമ്പോള്‍ എതിരാളികള്‍ പറയുന്നത് പണം കൊടുത്ത് വാങ്ങിയ അംഗീകാരം എന്നാണ്. ലണ്ടനിലെ ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്’ എന്ന സംഘടനയാണ് ആര്യ രാജേന്ദ്രന് പുരസ്‌കാരം സമ്മാനിച്ചത്.
കഴിഞ്ഞ ദിവസമാണ് ലണ്ടനിലെത്തി ആര്യ പുരസ്‌കാരം സ്വീകരിച്ചത്. കോര്‍പ്പറേഷന്റെ സുസ്ഥിര വികസന സംരംഭങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ‘തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ പാര്‍ലമെന്റില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ്, മേയര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.
‘- പുരസ്‌കാരം ഏറ്റുവാങ്ങിയ ചിത്രം സഹിതം ആര്യാ രാജേന്ദ്രന്‍ ഫെയ്‌സ്്ബുക്കില്‍ കുറിച്ചു. അതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഈ ചിത്രം വ്യാപകമായി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.ഇന്ത്യാക്കാരന്‍ സ്ഥാപക പ്രസിഡന്റും സിഇഒയും ആയ സംഘടനയാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ്. സംഘടന ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാള്‍ വാടകയ്ക്ക് എടുത്തു നടത്തിയ ചടങ്ങിന് ഹൗസ് കോമന്‍സുമായി ഒരു ബന്ധവുമില്ലെന്ന ആരോപണമാണ് എതിരാളികള്‍ പങ്കുവയ്ക്കുന്നത്. പണം കൊടുത്ത് സംഘടിപ്പിച്ചെടുത്ത അവാര്‍ഡ് ആണിതെന്നും ഇവര്‍ സമര്‍ഥിക്കുന്നു.