ന്യൂഡൽഹി: ഇന്ത്യ- യുഎസ് ഇടക്കാല വ്യാപാര കരാർ രാജ്യത്തിന് ഒരു വലിയ പരീക്ഷണമായി മാറിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങി, അമേരിക്കൻ സുപ്രീം കോടതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫുകൾ റദ്ദാക്കിയതോടെ മോദിയുടെ വഞ്ചന പുറത്തായെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നിൽ പരാജയപ്പെട്ടുവെന്നും ഇതിൽ വീണ്ടും വിലപേശൽ നടത്താൻ അദ്ദേഹത്തിന് കഴിയില്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അതേസമയം പ്രധാനമന്ത്രി തന്റെ ദുർബലമായ പ്രതിച്ഛായ സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ് ഈ കരാറിൽ ഒപ്പിട്ടതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു. അതുപോലെ ഫെബ്രുവരി രണ്ടിന് രാത്രി ഇത്തരമൊരു പ്രഖ്യാപനം നടത്താൻ മോദിയെ പ്രേരിപ്പിച്ചത് എന്താണെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭയിൽ അന്നുണ്ടായ ചില സംഭവങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി അമേരിക്കയെ സമീപിച്ചതെന്നും 18 ദിവസം കൂടി കാത്തിരുന്നിരുന്നെങ്കിൽ ഇന്ത്യൻ കർഷകരെ ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ വ്യാപാര നികുതികൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി ഇന്നലെ വിധിച്ചിരുന്നു. പ്രസിഡന്റ് തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് നിരീക്ഷിച്ചത്. എന്നാൽ ഈ കോടതി വിധിക്ക് പിന്നാലെയും ഇന്ത്യയുമായുള്ള കരാറിൽ മാറ്റമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ഈ കരാർ മൂലം വരും വർഷങ്ങളിൽ ഏകദേശം 500 ബില്യൺ ഡോളർ (45 ലക്ഷം കോടി രൂപ) മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ബാധ്യസ്ഥരാകുമെന്ന് രൺദീപ് സുർജേവാല ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യൻ നിർമ്മാതാക്കളെയും കർഷകരെയും ദോഷകരമായി ബാധിക്കും. കൃഷിക്കുള്ള സബ്‌സിഡികൾ നിർത്തലാക്കാനും ജനിതകമാറ്റം വരുത്തിയ വിളകൾ ഇറക്കുമതി ചെയ്യാനും ഇന്ത്യ നിർബന്ധിതമാകുമോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അതുപോലെ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ അവകാശം ഈ കരാറിലൂടെ നഷ്ടപ്പെട്ടതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

















































