തിരുവനന്തപുരം: തദ്ദേശ-നിയമ സഭ- ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുപ്പായം തുന്നിയിരിക്കുന്ന ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്കു കനത്ത തിരിച്ചടിയായി ഹൈക്കമാന്‍ഡ്. ഇരട്ടപ്പദവിയുടെ പേരില്‍ നേരത്തെ തന്നെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന മുറുമുറുപ്പകള്‍ക്ക് അന്ത്യം കുറിക്കുന്നതിനു വേണ്ടിയാണ് ഹൈക്കമാന്‍ഡ് നീക്കം.
സംഘടനയെ ശക്തിപ്പെടുത്തുക, തെരഞ്ഞെടുപ്പുകള്‍ക്കു ചുക്കാന്‍ പിടിക്കുക എന്നീ ദൗത്യങ്ങള്‍ക്കപ്പുറം മറ്റൊന്നും നല്‍കേണ്ടതില്ലെന്നാണു ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഇതു സംബന്ധിച്ച അന്തിമ തീരുമാനം അഹമ്മദാബാദില്‍ ചേരുന്ന എഐസിസി യോഗത്തിലുണ്ടാകുമെന്നാണു നേതൃത്വം നല്‍കുന്ന സൂചന.
മത്സരിക്കാന്‍ മാത്രം സജീവമാകുകയും സംഘടനാ രംഗത്തു നിര്‍ജീവമാകുകയും ചെയ്യുന്ന പ്രവണത സംഘടനയില്‍ ശക്തമാണെന്നാണു വിലയിരുത്തല്‍. സംഘടന അടിത്തറ ശക്തമാക്കുകയും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയുമാകും നേതൃ പദവിയില്‍ ഇരിക്കുന്നവരുടെ ചുമതല. മുഖ്യ ചുമതല ഡിസിസി അധ്യക്ഷന്‍മാര്‍ക്കു നല്‍കും. ഇവര്‍ മത്സരംഗത്തേക്ക് ഇറങ്ങിയാല്‍ സംഘടനാ സംവിധാനങ്ങള്‍ മുഴുവന്‍ ഇവരെ ചുറ്റിപ്പറ്റിയാകും. ഇതൊഴിവാക്കുകയെന്ന ലക്ഷ്യവുമുണ്ട്.
കേരളത്തിലടക്കം കേന്ദ്രത്തിനു പ്രതീക്ഷയുള്ള കോണ്‍ഗ്രസ് സംവിധാനം അടിമുടി തകര്‍ന്നെന്നാണു കോണ്‍ഗ്രസ് തന്ത്രജ്ഞനായി നിയമിച്ച കനഗോലുവിന്റെ കണ്ടെത്തല്‍. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് തൃശൂരിലടക്കം അധ്യക്ഷന്‍മാരെ നിയമിച്ചത്. പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സമരങ്ങള്‍ക്കു നേതൃത്വം വഹിക്കാനോ സംഘടനയെ ചലിപ്പിക്കാനോ ഇപ്പോള്‍ നേതാക്കള്‍ക്കു കഴിയുന്നില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നാമതും എല്‍ഡിഎഫ് തന്നെ കേരളത്തില്‍ അധികാരത്തിലെത്തുമെന്ന പ്രവണത ശക്തമാണ്. ഏതാനും ആളുകളെ മാത്രം ബാധിക്കുന്ന ആശ സമരത്തിനടക്കം പിന്തുണ നല്‍കി സജീവമാകാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. മറിച്ച് കേന്ദ്രത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനൊപ്പം വികസന കാര്യത്തിലും എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണെന്ന വിലയിരുത്തലുമുണ്ട്. വയനാട് ദുരന്തത്തിലടക്കം യുഡിഎഫ് എംപിമാര്‍ പണം അനുവദിച്ചില്ലെന്നതടക്കം തന്ത്രപരമായ കാമ്പെയ്ന്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം തറക്കല്ലിടല്‍ അടക്കം നടത്തി ജനങ്ങളുടെ വിശ്വാസ്യതയാര്‍ജിക്കാന്‍ പിണറായി സര്‍ക്കാരിനു കഴിഞ്ഞു.
കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയങ്ങളാകട്ടെ കോടതിയില്‍ അമ്പേ പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയും ഇത്തരത്തിലാണു വിലയിരുത്തുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ആയ മാത്യു കുഴല്‍നാടന്‍ ഏറ്റെടുത്ത ‘മാസപ്പടി’ വിവാദത്തിലടക്കം സര്‍ക്കാരിനു ക്ലീന്‍ ചിറ്റാണു ലഭിച്ചത്. കുഴല്‍നാടന്‍ സ്വന്തം കൈയില്‍നിന്നു പണം മുടക്കി പിണറായി വിജയനും മകള്‍ക്കും ക്ലീന്‍ചിറ്റ് വാങ്ങിക്കൊടുത്തെന്ന പരിഹാസവും അണികള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.