ഇൻഡോർ: മധ്യപ്രദേശിൽ സ്കൂൾ പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിനു ജന്മം നൽകി. പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ശുചിമുറിയിൽ പോകാൻ അധ്യാപകരോടു അനുമതി തേടുകയായിരുന്നു. തുടർന്ന് ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർഥിനി തിരികെ പരീക്ഷാഹാളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപികമാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ശേഷം പെൺകുട്ടിയേയും കുഞ്ഞിനെയും തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞു.
പിന്നാലെ സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ ഇടപെട്ട പോലീസ് പെൺകുട്ടിയേയും രക്ഷിതാക്കളെയും ചോദ്യം ചെയ്തു. പരിചയക്കാരനായ യുവാവ് മാസങ്ങളായി തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടി ഗർഭിണിയായിരുന്ന കാര്യം തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് മാതാപിതാക്കളുടെ മറുപടി. 2024ലെ ഗർബ ആഘോഷത്തിനിടെയാണ് യുവാവിനെ ആദ്യമായി കണ്ടതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. തുടർന്ന് പിതാവിന്റെ ഫോണുപയോഗിച്ചാണ് യുവാവുമായി സംസാരിച്ചിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.
















































