കൊച്ചി: ചെറുകിട സംരംഭകരുടെ വളർച്ച ലക്ഷ്യമിട്ട് സിഐഐ സെൻ്റർ ഓഫ് എക്സലൻസ് ഓൺ എംപ്ലോയ്‌മെൻ്റ് ആൻഡ് ലൈവ്‌ലിഹുഡ് (സിഐഐസിഇഎൽ) ഈ മാസം 29, 30 തീയതികളിൽ കൊച്ചിയിൽ ബിസിനസ് ശിൽപശാല ഹോട്ടൽ ദി ക്ലാസ്സിക്ക് ഫോർട്ടിൽ വെച്ച് സംഘടിപ്പിക്കുന്നു. രാജ്യത്തെ സൂക്ഷ്മ സംരംഭകത്വ മേഖലയ്ക്ക് പുത്തനുണർവ് നൽകുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം സ്ഥാപിതമായ സി.ഐ.ഐ. സി.ഇ.എൽ. ഇതിനോടകം നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ആരംഭിച്ച സെന്റർ സർക്കാർ, വ്യവസായം, മറ്റ് പ്രധാന പങ്കാളികൾ എന്നിവരുമായി സഹകരിച്ച് താഴെത്തട്ടിൽ മാറ്റങ്ങളുണ്ടാക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കിവരികയാണ്.
സി.ഐ.ഐ. സി.ഇ.എല്ലിൻ്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ സംരംഭകർക്കായി ഒരു ശക്തമായ പിന്തുണ സംവിധാനം ലക്ഷ്യമിട്ട് സി.ഐ.ഐ. കേരള എന്റർപ്രണേഴ്സ് ഡെവലപ്‌മെൻ്റ് ഫോറം ഈ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തിരുന്നു. സൂക്ഷ്മ സംരംഭകരുടെ ആവശ്യങ്ങൾ വിലയിരുത്തി, അവർക്ക് കൃത്യമായ പിന്തുണ നൽകുന്നതിനും തുടർച്ചയായ സഹായം ഉറപ്പാക്കുന്നതിനുമുള്ള ഒരു വേദിയാണിത്.
ഈ സംരംഭത്തിൻ്റെ ഭാഗമായി, നിലവിലുള്ള ബിസിനസ്സുകളുടെ വളർച്ചയ്ക്കും വികസനത്തിനും സഹായകമാകുന്ന ദ്വിദിന ബിസിനസ് ശിൽപശാലയാണ് സി.ഐ.ഐ. സി.ഇ.എൽ. കൊച്ചിയിൽ ഏപ്രിൽ 29, 30 തീയതികളിൽ സംഘടിപ്പിക്കുന്നത്. വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ സഹായത്തോടെയാണ് സംരംഭകർക്ക് ഈ പരിശീലന പരിപാടി ലഭ്യമാക്കുന്നത്.
തൊഴിൽ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വികസനം സാധ്യമാക്കുന്നതിലും സൂക്ഷ്മ സംരംഭങ്ങൾ വഹിക്കുന്ന സുപ്രധാന പങ്ക് ഈ ഉദ്യമം എടുത്തു കാണിക്കുന്നുവെന്ന് ശിപാശാലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു കൊണ്ട് സി.ഐ.ഐ. കൊച്ചി സോണൽ കൗൺസിൽ ചെയർമാൻ ശ്രീ. ബേർളി സി. നെല്ലുവേലിൽ അഭിപ്രായപ്പെട്ടു.
എം.എസ്.എം.ഇ.കളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനും അതിനായി സി.ഐ.ഐ.യുമായി സഹകരിക്കുന്നതിൽ വി-ഗാർഡിന് സന്തോഷമുണ്ടെന്നും വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കോർപ്പറേറ്റ് മാനുഫാക്ചറിംഗ് സർവീസസ് വൈസ് പ്രസിഡൻ്റ് ശ്രീകുമാർ എ പറഞ്ഞു.
കേരളത്തിലെ സൂക്ഷ്മ ബിസിനസ് മേഖല രാജ്യത്തെ ഏറ്റവും ഊർജ്ജസ്വലമായ ഒന്നാണെന്നും സംരംഭകർക്ക് വെല്ലുവിളികളെ അതിജീവിക്കാനും വിജയം കൈവരിക്കാനും ആവശ്യമായ വൈദഗ്ധ്യവും അറിവും നൽകുന്നതിനാണ് ഈ ദ്വിദിന ശിൽപശാല രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സി.ഐ.ഐ. ദക്ഷിണ മേഖലയുടെ മുൻ ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. സംരംഭകർക്ക് അവരുടെ ബിസിനസ്സുമായി ബന്ധപ്പെടുത്താൻ കഴിയുന്ന കേസ് സ്റ്റഡികളും സമീപനങ്ങളും ഉൾക്കൊള്ളുന്ന ഈ ദ്വിദിന ശിൽപശാല മലയാളത്തിലും ഇംഗ്ലീഷിലുമായി നടത്തപ്പെടുന്നത് ഏറെ പ്രയോജനം ചെയ്യുമെന്ന് സി.ഐ.ഐ. കേരള ചെയർപേഴ്സൺ ശാലിനി വാരിയർ പറഞ്ഞു.

ശില്പശാലയുടെ പ്രധാന ആകർഷണങ്ങൾ
● നേരിട്ടുള്ള പഠനം: പ്രായോഗിക പരിശീലനം, ആശയപരമായ ചർച്ചകൾ, ലളിതമായ കേസ് സ്റ്റഡികൾ
● വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ: പരിചയസമ്പന്നരായ പരിശീലകർ മലയാളത്തിലും ഇംഗ്ലീഷിലുമായി ക്ലാസുകൾ നയിക്കും
● ഉപകരണങ്ങളും പഠന സാമഗ്രികളും: പ്രത്യേകമായി തയ്യാറാക്കിയ പാഠ്യപദ്ധതി, വർക്ക്ബുക്കുകൾ, പ്രായോഗിക ഉപകരണങ്ങൾ
● നെറ്റ്‌വർക്കിംഗ്: വളർച്ച ലക്ഷ്യമിടുന്ന മറ്റ് സംരംഭകരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം
● സി.ഐ.ഐ. എന്റർപ്രണേഴ്സ് ഡെവലപ്‌മെൻ്റ് ഫോറത്തിലേക്കുള്ള പ്രവേശനം: മെൻ്റർമാരെയും ബിസിനസ്സ് രംഗത്തെ പ്രമുഖരെയും പരിചയപ്പെടാനുള്ള അവസരം
പ്രധാന നേട്ടങ്ങൾ
● നേതൃത്വത്തിൽ വ്യക്തത: ദൈനംദിന കാര്യങ്ങളിൽ നിന്നുള്ള ശ്രദ്ധമാറ്റം തന്ത്രപരമായ ബിസിനസ്സ് നേതൃത്വത്തിലേക്ക്
● വിൽപന വർദ്ധിപ്പിക്കുക: തെളിയിക്കപ്പെട്ട തന്ത്രങ്ങളും ആസൂത്രണ രീതികളും ഉപയോഗിച്ച് വിൽപ്പന വർദ്ധിപ്പിക്കുക
● ഫലപ്രദമായ ജീവനക്കാരുടെ മാനേജ്മെൻ്റ്: ടീമിനെ എളുപ്പത്തിൽ വിലയിരുത്താനും കൈകാര്യം ചെയ്യാനും പഠിക്കുക
● സാമ്പത്തികപരമായ ഉൾക്കാഴ്ച: ബാങ്കർമാർ നിങ്ങളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ വിലയിരുത്തുന്നുവെന്ന് മനസ്സിലാക്കുകയും ലോണിന് തയ്യാറെടുക്കുകയും ചെയ്യുക
● പണലഭ്യതയുടെ കാര്യക്ഷമത: പ്രവർത്തന മൂലധന ചക്രം കാര്യക്ഷമമാക്കുകയും പണലഭ്യത മെച്ചപ്പെടുത്തുകയും ചെയ്യുക
● ഡിജിറ്റൽ പരിവർത്തനം: ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുകയും ബിസിനസ്സ് വളർച്ചയ്ക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുകയും ചെയ്യുക
● ആറു മാസത്തെ വിദഗ്ധ സഹായം
● സി.ഐ.ഐ. കോർപ്പറേറ്റ് അംഗങ്ങളിൽ നിന്നുള്ള മെൻ്റർഷിപ്പ് പിന്തുണ
ശില്പശാലയിൽ പങ്കെടുക്കുന്നവരെ സി.ഐ.ഐ. കൊച്ചി എന്റർപ്രണേഴ്സ് ഡെവലപ്‌മെൻ്റ് ഫോറത്തിൽ അംഗങ്ങളായി ചേർക്കും. ഇതിലൂടെ സി.ഐ.ഐ.യുടെ നേതൃത്വത്തിലുള്ള മെൻ്റർഷിപ്പ്, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ എന്നിവ ലഭ്യമാക്കും. സൂക്ഷ്മ സംരംഭകരുടെ ആവശ്യങ്ങൾ വിലയിരുത്തി, അവർക്ക് കൃത്യമായ പിന്തുണ നൽകുന്നതിനുള്ള ഒരു സ്ഥിരം സംവിധാനമായി ഈ ഫോറം പ്രവർത്തിക്കും.