ബീജിംഗ്: അമേരിക്കയിലുള്ള പ്രവാസികൾക്ക് ട്രംപിറക്കിയ ട്രം കാർഡ് എച്ച്1- ബി വിസയ്ക്ക് മറുപണിയുമായി ചൈന. എച്ച് 1 ബി വിസയ്ക്ക് ബദലെന്നോണം ചൈന പുതിയതായി അവതരിപ്പിച്ചതാണ് ‘കെ വിസ. ലോകമെമ്പാടുമുള്ള സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിലെ യുവ, കഴിവുള്ള പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനായാണ് പുതിയ പ്രഖ്യാപനം. 2025 ഒക്ടോബർ 1 മുതൽ കെ വിസ പ്രാബല്യത്തിൽ വരും. രാജ്യത്തെ കുടിയേറ്റ നയങ്ങളിലും മറ്റും ഇത് സമൂലമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം ലോക രാജ്യങ്ങൾ തൊഴിൽ വിസ നിയമങ്ങൾ കർശനമാക്കുന്ന സമയത്താണ് അമേരിക്കയുടെ എച്ച്-1ബിയുടെ ‘ചൈനീസ് പതിപ്പ്’ എന്ന് നിരീക്ഷകർ വിശേഷിപ്പിക്കുന്ന കെ വിസ രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ എച്ച്-1ബി അപേക്ഷകൾക്ക് അമേരിക്ക 100,000 യുഎസ് ഡോളർ വാർഷിക ഫീസ് പ്രഖ്യാപിച്ചത് ഇന്ത്യൻ ടെക്, ഐടി കമ്പനികൾക്കും പ്രൊഫഷണലുകൾക്കുമിടയിൽ വലിയ ആശങ്കയാണുണ്ടാക്കിയിരുന്നു. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനത്തിലുള്ള ആശങ്ക മുതലാക്കി ചൈന വിസ റൂട്ട് ലളിതമാക്കി. വിദേശ പ്രൊഫഷണലുകളെ, പ്രത്യേകിച്ച് ദക്ഷിണേഷ്യയിൽ നിന്നുള്ളവരെ ആകർഷിക്കുന്നതിനുള്ള ഒരു തന്ത്രപരമായ നടപടിയായാണ് ഇതിനെ കണക്കാക്കുന്നത്.
കെ വിസയുടെ ഗുണഭോക്താക്കൾ ആരൊക്കെ? ആർക്കൊക്കെ അപേക്ഷിക്കാം.
ചൈനയിലോ, അതല്ലെങ്കിൽ വിദേശത്തോ ഉള്ള അംഗീകൃത സർവകലാശാലകളിൽ നിന്നോ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നോ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) മേഖലകളിൽ ബിരുദമോ അതിന് മുകളിലോ നേടിയ വിദേശ യുവ ശാസ്ത്ര-സാങ്കേതിക പ്രതിഭകൾക്ക് കെ വിസയ്ക്ക് അപേക്ഷിക്കാം.
കൂടാതെ അത്തരം സ്ഥാപനങ്ങളിൽ അധ്യാപനത്തിലോ, ഗവേഷണത്തിലോ ഏർപ്പെട്ടിരിക്കുന്ന യുവ പ്രൊഫഷണലുകൾക്കും കെ വിസയ്ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നവർ ചൈനീസ് അധികാരികൾ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളും മറ്റ് ആവശ്യകതകളും പാലിക്കുകയും അനുബന്ധ രേഖകൾ സമർപ്പിക്കുകയും വേണം.
വിദേശത്തുള്ള ചൈനീസ് എംബസികളും കോൺസുലേറ്റുകളും ആവശ്യമായ രേഖകളുടെ വിശദ വിവരങ്ങൾ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ യോഗ്യതയുടെ തെളിവുകളും പ്രൊഫഷണൽ അല്ലെങ്കിൽ ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സവിശേഷതകൾ
നിലവിൽ 12 വിസ വിഭാഗങ്ങളാണ് ചൈനയിലുള്ളത്. എന്നാൽ ഇവയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കെ വിസയ്ക്ക് സവിശേഷതകൾ ഏറെയാണ്. ഒന്നിലധികം എൻട്രികൾ, ദൈർഘ്യമേറിയ വിസ സാധുത, നീണ്ട താമസ കാലയളവ് എന്നിവ കെ വിസയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശിയായ അപേക്ഷകനെ പ്രാദേശിക ചൈനീസ് കമ്പനിയോ തൊഴിലുടമയോ സ്‌പോൺസർ ചെയ്യേണ്ടതില്ല എന്നതാണ് കെ വിസയുടെ പ്രധാന ആകർഷണം. പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവയാണ് പ്രധാനമായും കണക്കാക്കുക.