തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ. വെള്ളാപ്പള്ളി നടേശൻ നടത്തുന്നതു മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിച്ചത്.
‘ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ വെള്ളാപ്പള്ളി പകർത്തി. യുവത്വത്തിനു വഴികാട്ടാനും സംഘടനയെ സാമ്പത്തികമായി ശാക്തീകരിക്കാനും അദ്ദേഹത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അറിവാണ് യഥാർഥ ശക്തിയെന്നും വിദ്യാഭ്യാസമാണ് അത് നേടാനുള്ള ഏകമാർഗമെന്നും പഠിപ്പിച്ചത് ഗുരുവാണ്. വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വിഭാഗത്തിനു വിദ്യാഭ്യാസം എത്തിക്കാൻ എസ്എൻഡിപി പ്രവർത്തിച്ചു. അത് സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല’.
‘അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും ജാതി ചിന്തയും അതിന്റെ ഭാഗമായുള്ള വേർതിരിവുകളും നിലനിൽക്കുന്നു. നാം തൂത്തെറിഞ്ഞ വർഗീയത ഏതു രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരമാണ്. വർഗീയതയുടെ വിഷവിത്തുക്കൾ മനുഷ്യമനസുകളിൽ നട്ടു പിടിപ്പിക്കാൻ ശ്രമിക്കുന്നവരെ നാം തിരിച്ചറിയണം. ശ്രീനാരായണഗുരുവിനെ പോലെയുള്ളവരെ സ്വന്തമാക്കാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.