ചെന്നൈ: തുടർച്ചയായ മൂന്ന് പരാജയങ്ങൾ… അതോടുകൂടി ടി 20 ലോകകപ്പ് ഇന്ത്യൻ മണ്ണിലെത്തിച്ചതിൽ നെടുംതൂണായ സഞ്ജു സാംസണെ പലരും മറന്നു, വിമർശന ശരങ്ങൾ തൊടുത്തുവിട്ടുതുടങ്ങി… എന്നാൽ നാലാം മത്സരത്തിൽ വിമർശകർ തൊടുത്തുവിട്ട അമ്പിന്റെ മുനയൊടിച്ച് കൊടുത്തിരിക്കുകയാണ് മലയാളി താരം സഞ്ജു. ഐപിഎല്ലിൽ ഡൽഹിക്കെതിരേ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ കളം നിറഞ്ഞാടിയപ്പോൾ ഡൽഹിക്കെതിരെ ചെന്നൈയ്ക്ക് ഈ സീസണിലെ കന്നി ജയം. ചെപ്പോക്കിൽ ഡൽഹിക്കെതിരേ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ സഞ്ജു 26 പന്തിൽ ഫിഫ്റ്റി തികച്ചു. പിന്നാലെ 52 പന്തിൽ സെഞ്ചുറിയും തൊട്ടു. ക
ആദ്യ ഓവറിൽ തന്നെ ബൗണ്ടറിയോടെയാണ് സഞ്ജു തുടങ്ങിയത്. ഓവറിൽ താരം എട്ട് റൺസ് കണ്ടെത്തി. പിന്നാലെ മുകേഷ് കുമാർ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന രണ്ട് പന്തുകളും സഞ്ജു ബൗണ്ടറി നേടി. തുടർന്നുള്ള രണ്ട് ഓവറുകളിലും ഫോറുകളുമായി കളം നിറഞ്ഞ മലയാളി താരം നാലോവറിൽ ടീമിനെ 40 റൺസിലെത്തിച്ചു. അതേസമയം കൂറ്റനടികൾക്ക് ശ്രമിക്കാതെ ശ്രദ്ധയോടെ ബൗണ്ടറികൾ നേടിയാണ് സഞ്ജു ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. ഒൻപതാം ഓവറിൽ സഞ്ജു അമ്പത് കടന്നു. 26 പന്തിലാണ് ഫിഫ്റ്റി. ഒരു സിക്സർ പോലും നേടാതെയായിരുന്നു താരത്തിന്റെ ഫിഫ്റ്റി.
പിന്നീട് ട്രാക്ക് മാറ്റിയ സഞ്ജു ഡൽഹി ബൗളർമാരെ പലകുറി അതിർത്തികടത്തി. 11-ാം ഓവറിൽ ചെന്നൈ സ്‌കോർ നൂറുകടന്നു. ആയുഷ് മാത്രെയുമായി ചേർന്ന് സഞ്ജു തകർത്തടിക്കാൻ തുടങ്ങിയതോടെ ഡൽഹി പ്രതിരോധത്തിലായി. 12-ാം ഓവറിൽ 16 റൺസും 13-ാം ഓവറിൽ 11 റൺസുമാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ആയുഷ് മാത്രെയെ ഒരുവശത്തുനിർത്തി സഞ്ജു സ്കോറുയർത്തിക്കൊണ്ടിരുന്നു. അതോടെ സഞ്ജു സെഞ്ചുറിക്കരികിലെത്തി. 16 ഓവർ അവസാനിക്കുമ്പോൾ ടീം 168-1 എന്ന നിലയിലായിരുന്നു. സഞ്ജു 95 റൺസെന്ന നിലയിലും. പിന്നാലെ താരത്തിന്റെ സെഞ്ചുറിയുമെത്തി. 18-ാം ഓവറിൽ താരം മൂന്നക്കം തൊട്ടു. 2026 ഐപിഎല്ലിലെ ആദ്യ സെഞ്ചുറി കൂടിയാണ് സഞ്ജുവിന്റേത്.
അതേസമയം കഴിഞ്ഞ മൂന്ന് മത്സരത്തിലും മലയാളി താരത്തിന് ഫോം കണ്ടെത്താനായിരുന്നില്ല. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ആറ് റൺസും പഞ്ചാബിനെതിരായ മത്സരത്തിൽ ഏഴ് റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ബെംഗളൂരുവിനെതിരേ എടുത്തതാകട്ടെ ഒൻപത് റൺസ് മാത്രം.
അതേസമയം ചെന്നൈ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 189 റൺസിന് എല്ലാവരും പുറത്തായി. ഡൽഹിക്കായി ട്രിസ്റ്റൺ സ്റ്റബ്സ് അർധസെഞ്ചുറിയോടെ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടേത് മികച്ച തുടക്കമായിരുന്നു. ഓപ്പണർമാരായ പാത്തും നിസ്സങ്കയും കെ.എൽ. രാഹുലും അടിച്ചുതുടങ്ങിയതോടെ ടീം നാലോവറിൽ അമ്പത് കടന്നു. അഞ്ചാം ഓവറിൽ രാഹുലും ആറാം ഓവറിൽ നിസ്സങ്കയും പുറത്തായതോടെ ഡൽഹി പ്രതിരോധത്തിലായി. രാഹുൽ 10 പന്തിൽ നിന്ന് 18 റൺസും നിസ്സങ്ക 24 പന്തിൽ നിന്ന് 41 റൺസുമെടുത്തു. പിന്നാലെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ചെന്നൈ ബൗളർമാർ കരുത്തുകാട്ടി. അക്ഷർ പട്ടേലും(1) സമീർ റിസ്‌വിയും(6) കൂടാരം കയറി.
പിന്നീട് അഞ്ചാം വിക്കറ്റിൽ ഡേവിഡ് മില്ലറും ട്രിസ്റ്റൺ സ്റ്റബ്‌സും ചേർന്നാണ് ടീമിനെ കരകയറ്റിയത്. ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ സ്‌കോർ നൂറ് കടന്നു. 12 ഓവറിൽ 121-4 എന്ന നിലയിലായിരുന്നു ഡൽഹി. പിന്നാലെ മില്ലറും(17) അശുതോഷ് ശർമയും (19) ആഖിബ് നബിയും(4) പുറത്തായി. അതോടെ ഡൽഹി 154-7 എന്ന നിലയിലേക്ക് വീണു. വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച ട്രിസ്റ്റൺ സ്റ്റബ്സ് ഡൽഹിക്ക് പ്രതീക്ഷയേകി. 30 പന്തിൽ ഫിഫ്റ്റി നേടിയ താരം ഡൽഹി ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. എന്നാൽ 60 റൺസെടുത്ത് താരം മടങ്ങിയതോടെ ഡൽഹിയുടെ വിജയപ്രതീക്ഷ മങ്ങി. ഒടുക്കം 189 റൺസിന് ഡൽഹിയുടെ ഇന്നിങ്സ് അവസാനിച്ചു. ചെന്നൈക്കായി ജാമി ഓവർ ട്ടൺ നാലുവിക്കറ്റെടുത്തു.
ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണെടുത്തത്. സഞ്ജുവിനെ കൂടാതെ ആയുഷ് മാത്രെയും ഫിഫ്റ്റിനേടി. പിന്നാലെ റിട്ടയേർഡ് ഔട്ടായികൂടാരം കയറി. 36 പന്തിൽ 59 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നീടിറങ്ങിയ ശിവം ദുബെയും സഞ്ജുവും ചേർന്ന് ടീമിനെ 200 കടത്തി. സഞ്ജു 56 പന്തിൽ നിന്ന് 115 റൺസെടുത്തപ്പോൾ ശിവം ദുബെ 10 പന്തിൽ നിന്ന് 20 റൺസെടുത്തും പുറത്താവാതെ നിന്നു.
















































