തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ചോദ്യം ചോദിക്കുന്നവരെ തീവ്രവാദിയാക്കി കേരളാ തൊഗാഡിയ വിലസുന്നു എന്ന് ചന്ദ്രിക മുഖപ്രസംഗത്തിലൂടെ പരിഹസിച്ചു. വെളളാപ്പളളി വാ പോയ കോടാലിയാണ്. ഇത്തരക്കാർക്ക് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. സമുദായത്തിന്റെ പേര് പറഞ്ഞാണ് ഇവർ ഗീർവാണമടിക്കുന്നത്.
ഒരുപാട് മഹാരഥന്മാർ ഇരുന്ന സംഘടനയുടെ തലപ്പത്ത് ഇരുന്ന് വിഷം വമിപ്പിക്കുന്നത് സങ്കടകരമാണെന്നും ചന്ദ്രിക വിമർശിച്ചു. ചോദ്യം ചോദിക്കുന്നവന്റെ പേരും നാളും ഊരും ചോദിച്ച് തനിക്ക് പാകമാകാത്തവനെ തീവ്രവാദിയാക്കിയാണ് കേരളാ തൊഗാഡിയ വിലസുന്നതെന്നും മകനുവേണ്ടി പാർട്ടി തുടങ്ങി അതിനെ ബിജെപിക്കൊപ്പവും താൻ പിണറായിക്കൊപ്പവുമാണെന്ന് പ്രഖ്യാപിച്ച് രണ്ടുവളളത്തിൽ കാലിട്ടാണ് വെളളാപ്പളളി തുടരുന്നതെന്നും മുഖപ്രസംഗത്തിൽ വിമർശനം.
‘2024 ന്റെ പകുതി തൊട്ടാണ് വെളളാപ്പളളി വർഗീയതയുടെ മണി മുഴക്കൽ വേഗത കൂട്ടിയത്. പക്ഷെ ഇന്നുവരെ അദ്ദേഹത്തെ തളളാനോ ഇത്തരം വിഷലിപ്തമായ പ്രസ്താവനയ്‌ക്കെതിരെ നിയമപരമായി ചെറുവിരൽ അനക്കാനോ പിണറായി സർക്കാർ തയ്യാറായിട്ടില്ല എന്നത് തന്നെ അതിന് പിന്നിലെ അന്തർധാര വെളിപ്പെടുത്തുന്നതാണ്. മണി മുഴക്കുന്നത് വെളളാപ്പളളിയാണെങ്കിലും മണി ആർക്കുവേണ്ടി മുഴക്കുന്നു എന്നത് പ്രസക്തമാണ്. ഇസഡ് കാറ്റഗറി സുരക്ഷയ്ക്കുളള നന്ദി കേന്ദ്രത്തെയും മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എടുത്ത 21 കേസുകളിൽ കുറ്റപത്രം അനങ്ങാത്തതിലുളള നന്ദി പിണറായിയോടും കാണിക്കുക എന്നതാണ് വെളളാപ്പളളിയുടെ വർഗീയ കാർഡിന് പിന്നിൽ’.
ഇന്ത്യയിലെ അവസാനത്തെ ഇടത് മന്ത്രിസഭയുടെ അന്ത്യ കൂദാശയ്ക്ക് ഇനി ഏതാനും നാളുകൾ മാത്രമേ ബാക്കിയുളളു എന്ന് തോറ്റാലും തോറ്റാലും മൂർത്തവും അമൂർത്തവുമടക്കം കടിച്ചാൽ പൊട്ടാത്ത ശങ്കരാടി സ്റ്റൈൽ ന്യായം ചമയ്ക്കുളള കേരളത്തിലെ പാർട്ടി സെക്രട്ടറി മുതൽ അണ്ടിമുക്ക് സഖാക്കൾക്ക് വരെ അറിയാമെന്നും പിണറായി സർക്കാർ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്തെല്ലാം രക്ഷകനായി വെളളാപ്പളളി എത്തിയിട്ടുണ്ടെന്നും ചന്ദ്രിക പറയുന്നു. ‘സ്വർണക്കൊളളയിൽ സർക്കാരും പാർട്ടിയും അടിമുടി നാണംകെട്ട് കിടക്കുന്ന സമയത്ത് ചർച്ച മാറ്റാൻ ഇത്തരമൊന്ന് പ്രതീക്ഷിച്ചതാണ്. മദ്യം പാടില്ലെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പേരിലുളള സംഘടനയുടെ തലപ്പത്തിരുന്നാണ് മദ്യവ്യവസായിയായ വെളളാപ്പളളി വർഗീയത കത്തിച്ചുവിടുന്നത്. കിലുക്കം സിനിമയിൽ എല്ലാം എറിഞ്ഞുടച്ചശേഷം രേവതിയുടെ കഥാപാത്രം ഇത്രയല്ലേ ഞാൻ ചെയ്തുളളു എന്ന് പറയുന്നത് പോലെയാണ് വെളളാപ്പളളിയുടെ പ്രതികരണം.
പൊതിഞ്ഞുകിടക്കുന്ന മാലിന്യം കളയാൻ കേരളത്തിലെ ഭരണകർത്താക്കൾക്ക് സാധിക്കുന്നില്ല. ബിജെപി ഭരണത്തിൽ വെളളാപ്പളളിക്ക് ഇത് പറയാം. ബിജെപിയാണോ, സിജെപിയാണോ, സിപിഎമ്മാണോ ഭരിക്കുന്നതെന്ന കൺഫ്യൂഷനുളളതിനാൽ പിണറായി ഭരണത്തിലും ഇത് തന്നെ പറയുമ്പോഴും ഒന്നും കണ്ടില്ലെന്ന് നടിച്ച് ചത്തതുപോലെ കിടക്കുകയാണ് ആഭ്യന്തര വകുപ്പെന്നും ചന്ദ്രിക മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
















































