ന്യൂഡൽഹി: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ രാജ്യസഭയിൽ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. എമ്പുരാൻ ക്രൈസ്തവർക്കും അവരുടെ വിശ്വാസങ്ങൾക്കും എതിരാണെന്ന് ജോർജ് കുര്യൻ ആരോപിച്ചു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് മറുപടി നൽകവേയാണ് ജോർജ് കുര്യൻ ആരോപണം ഉന്നയിച്ചത്. രാജ്യസഭയിൽ എമ്പുരാനെ പിന്തുണച്ചുകൊണ്ടായിരുന്നു ജോൺ ബ്രിട്ടാസ് സംസാരിച്ചത്. എമ്പുരാനെതിരെ നടന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. സിനിമയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും രാജ്യദ്രോഹികാളായി ചിത്രീകരിച്ച് സിനിമ റീ സെൻസർ ചെയ്യേണ്ടി വന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും ബ്രിട്ടാസ് പറഞ്ഞു.
ഇതിന് മറുപടി നൽകവേയാണ് സിനിമ ക്രൈസ്തവ വിരുദ്ധമാണെന്ന ആരോപണം ജോർജ് കുര്യൻ ഉന്നയിച്ചത്. താനൊരു ക്രിസ്ത്യാനിയാണ്. തങ്ങളെ ഈ രീതിയിൽ അവഹേളിക്കരുത്. രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും ഈ സിനിമയെ എതിർക്കുകയാണു ചെയ്യുന്നത്. കെസിബിസി, സിബിസിഐ പോലുള്ള ക്രൈസ്തവ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ടെന്നും ജോർജ് കുര്യൻ പറഞ്ഞു.
മുൻപ് എമ്പുരാനെതിരെ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി ജോർജ് കുര്യൻ രംഗത്തുവന്നിരുന്നു. സിനിമ എല്ലാവരും കാണണമെന്നും ബിജെപിയെപ്പറ്റി ചർച്ച ചെയ്യണമെന്നുമായിരുന്നു ജോർജ് കുര്യന്റെ അഭ്യർഥന. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷത്തിലൂടെയാണ് മോഹൻലാൽ ഉയർന്നുവന്നത്. അതുപോലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ഉയർന്നുവരുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കിയിരുന്നു.
മാർച്ച് 27നായിരുന്നു എമ്പുരാൻ തീയറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയർന്നു. ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങൾ ചിത്രത്തിൽ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാർ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയർന്നു. ഇതിന് പുറമേ പലരും ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്തു. എന്നാൽ സോഷ്യൽ മീഡിയയിലെ സംഘ്പരിവാർ ഹാൻഡിലുകളിൽ നിന്നുള്ള അഭിപ്രായപ്രകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായില്ല. സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കി. ഇതിന് ശേഷവും സിനിമയ്ക്കെതിരെ പ്രതിഷേധം കനത്തു. ഇതോടെ ചിത്രം റീ എഡിറ്റ് ചെയ്യാൻ അണിറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.