കൊച്ചി/ തിരുവനന്തപുരം: കേരള സർവകലാശാലയിൽ എലിയും പൂച്ചയും കളിയാണെന്ന വിമർശനവുമായി ഹൈക്കോടതി. കേരള സര്‍വകലാശാല റജിസ്ട്രാറുടെ ചുമതല സംബന്ധിച്ച തർക്കത്തിലാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് ഇത്തരമൊരു വിമർശനം ഉന്നയിച്ചത്. ഡോ. കെ.എസ്.അനില്‍ കുമാറിന്റെ ഹര്‍ജിയിലാണ് കോടതിയുടെ പരാമർശം. തര്‍ക്കത്തില്‍ വൈസ് ചാൻസലറോടും സർവകലാശാലയോടും കോടതി വിശദീകരണം തേടി. സര്‍വകലാശായും വൈസ് ചാന്‍സലറും തിങ്കളാഴ്ച മറുപടി നല്‍കണം.
റജിസ്ട്രാറുടെ ചുമതല നിര്‍വഹണം വൈസ് ചാന്‍സലര്‍ തടസപ്പെടുത്തുന്നുവെന്നും തന്റെ സസ്‌പെന്‍ഷന്‍ നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. കെ.എസ്.അനില്‍ കുമാർ കോടതിയെ സമീപിച്ചത്. വിസിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് നിയമന അധികാരിയായ സിന്‍ഡിക്കറ്റ് റദ്ദാക്കി. എന്നിട്ടും സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനം വിസി നടപ്പാക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. നേരത്തേ, തന്നെ പുറത്താക്കിയ വിസി തീരുമാനത്തിനെതിരെ ഡോ. അനിൽ കുമാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സിൻഡിക്കറ്റ് ഈ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ അദ്ദേഹം ഹർജി പിൻവലിക്കുകയായിരുന്നു. എന്നാൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഡോ. അനിൽ കുമാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതിനിടെ കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തി. സസ്‌പെന്‍ഷനിലായ റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ അനധികൃതമായി പ്രവേശിക്കുന്നതിനെതിരെ പൊലീസിനെ സമീപിക്കുമെന്നു വിസി വ്യക്തമാക്കി. ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിസി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. വിസിയുടെ നടപടികള്‍ക്കു ഗവര്‍ണര്‍ പിന്തുണ അറിയിച്ചുവെന്നാണു സൂചന.
റജിസ്ട്രാര്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കണമെന്ന വിസിയുടെ നിലപാട് തന്നെയാണ് രാജ്ഭവനും സ്വീകരിച്ചിരിക്കുന്നത്. റജിസ്ട്രാറുടെ സീലുകള്‍ തിരികെ വാങ്ങാനും വിസി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി ആര്‍.ബിന്ദു ഫോണില്‍ ബന്ധപ്പെട്ടപ്പോഴും വിസി ഇതേ നിലപാടു തന്നെയാണ് അറിയിച്ചത്. റജിസ്ട്രാര്‍ സസ്‌പെന്‍ഷന്‍ അംഗീകരിച്ചതിനു ശേഷം സിന്‍ഡിക്കറ്റ് യോഗം വിളിക്കാമെന്നും വിസി വ്യക്തമാക്കയിട്ടുണ്ട്. രണ്ടു ദിവസമായി സര്‍വകലാശാലയില്‍ എത്തിയ വിസി 1200 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പു വയ്ക്കുകയും മറ്റു പ്രധാനപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. റജിസ്ട്രാര്‍ ലോഗിന്‍ ഡോ.മിനി കാപ്പന് ലഭ്യമാക്കിയതിനാല്‍ ഫയല്‍നീക്കത്തിന് തടസ്സമുണ്ടാകില്ലെന്നും വിസി ഉറപ്പാക്കിയിട്ടുണ്ട്.