നാഗ്പൂർ: മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്ര നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വൈദികൻറെ ഭാര്യ ജാസ്മിൻ. തങ്ങൾക്കെതിരെ അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകരാണെന്നും ഇവർ മുൻപും വധഭീഷണിയുൾപെടെ മുഴക്കിയിട്ടുണ്ടെന്നും ജാസ്മിൻ പ്രതികരിച്ചു,
സുഹൃത്തായ പാസ്റ്ററുടെ വീട്ടിൽ ജന്മദിനം ആഘോഷിക്കാൻ പോയപ്പോഴായിരുന്നു ബജ്റംഗ്ദൾ സംഘം എത്തിയത്. ഒരാളെയും തങ്ങൾ മതപരിവർത്തനം നടത്തിയിട്ടില്ല. ബജ്റംഗ്ദൾ സമ്മർദത്തെ തുടർന്നാണ് കസ്റ്റഡിയിൽ എടുക്കുന്നത് എന്നാണ് പോലീസ് പറഞ്ഞത്. സുധീറും ജാസ്മിനും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
അതേസമയം ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാഗ്‍പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ, എന്നിവരെ കൂടാതെ ഇവരുടെ സഹായിയടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്. നാഗ്‍പൂരിലെ ഷിംഗോഡിയിൽ വെച്ചാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തെന്നാണ് സിഎസ്ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചത്.
പുരോഹിതനേയും ഭാര്യയേയും കൂടാതെ, അറസ്റ്റിനെ കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും ക്രിസ്മസ് പ്രാർത്ഥനയോഗം നടന്ന വീടിന്റെ ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെയും കേസെടുത്തു. പ്രദേശത്തുള്ള വിശ്വാസികളായ നാല് പേരും പ്രതികളാണ്. ക്രിസ്മസ് പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കവേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

















































