പട്‌ന: ബിഹാറിൽ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാൽ ഖേംക വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പട്‌നയിലെ സ്വന്തം വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഗോപാലിനുനേരെ ബൈക്കിലെത്തിയ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വീടിനു മുന്നിലെത്തിയ ഖേംക കാറിൽ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കാനായി കാത്തിരുന്ന സമയത്താണ് അക്രമി കാറിന് സമീപത്തേക്ക് പോയി വെടിയുതിർത്തത്. അപകടം നടന്നയുടൻ ഖേംകയ്ക്ക് ജീവൻ നഷ്ടമായി. സംഭവ സ്ഥലത്തുനിന്നും വെടിയുണ്ടയും ഷെൽ കേസിംഗും പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനു പിന്നിലെ കാരണവും വ്യക്തമല്ല. പ്രതിയ്ക്കായി തെരച്ചിൽ ആരംഭിച്ചു.
കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ബിഹാർ പോലീസ് അറിയിച്ചു. ഗോപാൽ ഖേംകയുടെ മകനും ആറ് വർഷം മുൻപ് സമാനമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അതേസമയം, ബിഹാറിൽ ജംഗിൾ രാജാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.