കണ്ണൂർ: ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തുവെന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി സഹോദരൻ. ഇമെയിൽ വഴിയാണ് സഹോദരൻ സിയാദ് പോലീസിൽ പരാതി നൽകിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ ഒരാൾ ശല്യം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ വ്യക്തത വരുത്താൻ സിയാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പരാതി നൽകിയത്. ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്ന് ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടെ രേഖപ്പെടുത്തിയതിനു പിന്നാലെയാണ് പരാതിയുമായി സഹോദരൻ രംഗത്തെത്തിയത്.
അതേസമയം ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വീഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തത്. ആ വീഡിയോ തന്റെ മാതാപിതാക്കളോ ബന്ധുക്കളോ കണ്ടാൽ വളരെ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കും എന്ന് ദീപക് കരുതി. അതുപോലെ അസിസ്റ്റന്റ് പ്രഫസർ യോഗ്യതയുള്ള, മുൻ പഞ്ചായത്ത് മെംബറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. വടകര, പയ്യന്നൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലോ മറ്റ് സ്ഥലങ്ങളിലോ, യാതൊരു വിധ പരാതികളും നൽകിയിട്ടില്ല. ബസിൽ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സംഭവം ഉണ്ടായപ്പോൾതന്നെ വടകര പോലീസിൽ അറിയിച്ചുവെന്നാണ് ഷിംജിത ആദ്യം പറഞ്ഞത്. പക്ഷെ വടകര പോലീസ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു.
പയ്യന്നൂരിൽ യാത്രയ്ക്കിടെ ബസിൽ വച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ലൈംഗികാതിക്രമം നടത്തിയെന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച് വടകര സ്വദേശിയായ ഷിംജിത പ്രചരിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് ദീപക് അത്മഹത്യ ചെയ്തത്.

















































