ന്യൂഡൽഹി: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷത്തിലധികം വോട്ടുമോഷണങ്ങളെന്ന് രാഹുൽ ഗാന്ധിയുടെ വെളിപ്പെത്തൽ. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്. പോസ്റ്റൽ വോട്ടും പോളിങ്ങും സാധാരണ ഒരുപോലെ. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പല തവണ പരിശോധിച്ചു. അതിൻ്റെ ഫലമാണ് ഇവിടെ പറയുന്നത്. യുവജനങ്ങളോടാണ് സംസാരിക്കുന്നതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതുപോലെ ഹരിയാനയിൽ 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ തെളിവുകൾ നിരത്തി വ്യക്തമാക്കി. ഒരേ പേരിൽ ഒന്നിലധികം വോട്ടർ രജിസ്ട്രേഷനുകൾ അദ്ദേഹം കാണിച്ചു. കൂടാതെ ഹരിയാനയിൽ ഒന്നിലധികം ഇന്ത്യൻ വോട്ടർ ഐഡികളിൽ ബ്രസീലിയൻ മോഡലിന്റെ ഫോട്ടായാണുള്ളതെന്നും തെളിവുകൾ നിരത്തി വ്യക്തമാക്കി. യഥാർഥത്തിൽ ഇവർ മതീയസ് ഫെറാരോ എന്ന ബ്രസീലിയൻ മോഡലാണ്. ചിത്രത്തിലുള്ള ബ്രസീലിയൻ മോഡലിന്റെ ഫെയ്സ്ബുക് പേജും രാഹുൽ പങ്കുവച്ചു. ബ്രസീൽ മോഡൽ ഹരിയാനയിൽ 22 തവണ ‘വോട്ട്’ ചെയ്തതായി രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
ഏറ്റവും അധികം വോട്ടു മോഷണം നടന്നത് മാധവപുരയിലാണ്. കൃത്യമായ അഡ്രസ് ഇല്ലാത്ത വോട്ടർമാരുടെയെണ്ണം- 93,174, ബൾക്ക് വോട്ടർമാർ- 19,26351 ആണെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.
അതുപോലെ ഹരിയാനയിൽ കോൺഗ്രസ് തോറ്റ 8 മണ്ഡലങ്ങളിൽ ആകെ വോട്ടു വ്യത്യാസം 22,729 മാത്രമാണ്. ഒരു യുവതിയുടെ ചിത്രം വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച രാഹുൽ ഇവർ 22 തവണ 10 ബൂത്തുകളിലായി പല പേരുകളിലായി ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്നു വ്യക്തമാക്കി. ഇതൊരു കേന്ദ്രീകൃത അട്ടിമറിയാണ് എന്നു പറയാനുള്ള പ്രധാന കാരണം ഇതാണ്. എല്ലാത്തിന്റേയും തെളിവുകൾ കയ്യിലുണ്ടെന്നും രാഹുൽ പറഞ്ഞു. മറ്റൊരു ഫോട്ടോയിലുള്ള സ്ത്രീക്ക് 100 സ്ഥലങ്ങളിലാണ് വോട്ടെന്ന് വോട്ടർപട്ടികയിലെ പേര് കാട്ടി രാഹുൽ പറഞ്ഞു.
















































