തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളജി ലാബിൽ പരിശോധനയ്ക്ക് അയച്ച ശരീര ഭാഗങ്ങൾ ആക്രിക്കാരൻ കൊണ്ടുപോയതാണെന്ന് സ്ഥിരീകരണം. രോഗ നിർണയത്തിനയച്ച സാംപിളുകൾ ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെത്തി. അതേസമയം ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് വിൽപനക്കാരൻ മൊഴി നൽകി. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. എല്ലാ ശരീരഭാഗങ്ങളും കേടുകൂടാതെ കിട്ടിയെന്നും തുടർ പരിശോധനയ്ക്ക് തടസമില്ലെന്നും പാത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി വ്യക്തമാക്കി.
ശരീര അവശിഷ്ടങ്ങൾ കാണാനില്ലെന്ന് കാണിച്ച് ആശുപത്രി അറ്റൻഡർ അജയകുമാറാണ് പരാതി നൽകിയതെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ആക്രിക്കാരനെ കണ്ടെത്തി മർദ്ദിച്ചത് ഇവ വീണ്ടെടുത്തതും ആശുപത്രി ജീവനക്കാരാണ്. ആക്രിക്കാരനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തില്ല. മനഃപൂർവ്വം നടത്തിയ മോഷണമല്ലെന്നും പോലീസ് പറഞ്ഞു. ശരീര ഭാഗങ്ങൾ പ്രിൻസിപ്പൽ ഓഫീസിൻ്റെ പിന്നിൽ നിന്നാണ് ആക്രിക്കാരന് കിട്ടിയതെന്ന് പോലീസ് പറയുന്നു. കൂടാതെ സംഭവം ഒതുക്കിതീർക്കാൻ നീക്കം നടന്നുവെന്നും വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായും കഴക്കൂട്ടം എസിപി വ്യക്തമാക്കി.
ശരീര ഭാഗങ്ങൾ സുരക്ഷിതമെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി പ്രതികരിച്ചു. ഫോർമാലിനിൽ സൂക്ഷിച്ചിരുന്നതിനാൽ ശരീര ഭാഗത്തിന് കേടുപാടില്ല. പരിശോധനയ്ക്കും തടസമില്ല. സ്‌പെസിമിൻ ലാബിന് സമീപത്തെ സ്റ്റെപിൽ ഇവ വച്ച് ജീവനക്കാരൻ പോയപ്പോഴാണ് ആക്രിക്കാരൻ എടുത്ത് കൊണ്ട് പോയത് പിന്നീട് ഇത് അതേപടി തിരിച്ചു കിട്ടിയെന്നും ലൈല വ്യക്തമാക്കി. ശരീര ഭാഗങ്ങൾ പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി.