ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിൽ തണുത്തുറഞ്ഞ തടാകത്തിനു മീതെ നടക്കവെ ഐസ് പാളി അമർന്ന് വീണ് വെള്ളത്തിൽ താഴ്ന്ന് കാണാതായ ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി. മലപ്പുറം സ്വദേശി മാധവ് മധുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനു പ്രകാശ് എന്നിവരാണ് മരിച്ചത്. ബിനു പ്രകാശിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു .
തവാങിലെ സേല പാസിനോട് ചേര്‍ന്നാണ് അപകടം ഉണ്ടായത്. വിനോദ യാത്രയ്ക്കെത്തിയ ഏഴംഗ സംഘമാണ്അപകടത്തിൽപ്പെട്ടത്. തടാകത്തിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം ഇറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ സൈന്യവും പൊലീസും ചേര്‍ന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി. കൊല്ലത്തുനിന്നും മലപ്പുറത്തുനിന്നും ഗുവാഹത്തി വഴി തവാങ്ങിലെത്തിയതായിരുന്നു ഈ വിനോദയാത്രാ സംഘം. ബുധനാഴ്ച നെടുമ്പാശേരിയില്‍നിന്നാണ് സംഘം യാത്ര തിരിച്ചത്. 23ന് തിരിച്ചുവരാവുന്ന രീതിയിലാണ് യാത്ര നിശ്ചയിച്ചിരുന്നത്.
13,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സേല തടാകം ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്, പക്ഷേ കടുത്ത തണുപ്പും ദുർബലമായ മഞ്ഞുമൂടിയതും കാരണം ശൈത്യകാലത്ത് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. സേല തടാകത്തിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, തണുത്തുറഞ്ഞ തടാകങ്ങളിൽ നടക്കരുതെന്നും സന്ദർശകർക്ക് നിർദ്ദേശം നല്കാറുണ്ട്. മഞ്ഞുപാളികൾ അസ്ഥിരവും ഭാരം താങ്ങാൻ കഴിയാത്തതുമാകാം. അതിനാൽതന്നെ തണുത്തുറഞ്ഞ ജലാശയങ്ങൾ സുരക്ഷിതമല്ലെന്ന് വിനോദസഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം സ്ഥിരമായി മുന്നറിയിപ്പ് നൽകിവരുന്നുണ്ട്. പോലീസ് പറഞ്ഞു.















































