കോട്ടയം: കൂട്ടക്കുരുതിയെന്ന് സംശയിക്കുന്ന ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയുടേതെന്ന് സ്ഥിരീകരണം. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
നേരത്തെ തന്നെ സെബാസ്റ്റ്യൻ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവച്ച സ്വർണാഭരണങ്ങൾ ജെയ്നമ്മയുടേതാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതേസമയം രക്തക്കറയുടെ ജെയ്നമ്മയുടേതെന്ന് വ്യക്തമായതോടെ മൂന്ന് സ്ത്രീകളെ കാണാതായ കേസിൽ ആദ്യ കൊലപാതകത്തിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. കൂടാതെ സെബാസ്റ്റ്യൻ വാ തുറക്കാതെ തന്നെ അന്വേഷണം ശരിയായ ദിശയിലെന്നതിനുള്ള വ്യക്തമായ സൂചനയാണ് പുതിയ കണ്ടെത്തൽ.
ഏതാനും ദിവസം മുൻപ് സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ പുറകുവശത്തെ മുറിയിലാണ് രക്തക്കറ കണ്ടെത്തിയത്. അതേസമയം, വീട്ടുവളപ്പിൽനിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം ലഭ്യമായിട്ടില്ല. ശരീരാവശിഷ്ടങ്ങൾ സ്ത്രീയുടേതാണെന്ന് വ്യക്തമായിരുന്നു. ഫലം ലഭിച്ചിട്ടില്ലെങ്കിലും ഇത് ജെയ്നമ്മയുടെ മൃതദേഹാവശിഷ്ടമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.