ഇന്ത്യയുടെ പരമ്പരാഗത ശിൽപ്പകലയും വാസ്തുവിദ്യാ പഠനവും ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ (ബി.ഐ.എഫ്) കാഞ്ചീപുരത്തെ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയവുമായി (എസ്.സി.എസ്.വി.എം.വി) ധാരണയായി. ശിൽപ്പ പാഠശാലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്ര നവീകരണത്തിനായുള്ള ഗ്രാന്റ് കരാറിൽ (എ.ഓ.ജി) ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചു.
ഇന്ത്യയുടെ വാസ്തുവിദ്യാപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ഭാവി തലമുറയിലെ മാസ്റ്റർ ശിൽപ്പികളെയും പണ്ഡിതരെയും വാർത്തെടുക്കുന്നതിനും വേണ്ടിയാണ് ഈ സുപ്രധാന സഹകരണം.
ആഗമ പാരമ്പര്യത്തിൽ വേരൂന്നിയ അതുല്യ സ്ഥാപനമാണ് ശിൽപ്പ പാഠശാല. പത്മശ്രീ പുരസ്കാര ജേതാവായ എസ്.എം. ഗണപതി സ്ഥപതി ആദ്യ പ്രിൻസിപ്പലായ ഈ സ്ഥാപനം 1997 സെപ്റ്റംബർ 3-നാണ് സ്ഥാപിതമായത്. ജഗദ്ഗുരു പൂജ്യശ്രീ കാഞ്ചി കാമകോടി ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹത്തോടെ ആരംഭിച്ച പാഠശാല, തമിഴ്നാട്ടിലെ ക്ഷേത്ര വാസ്തുവിദ്യയുടെയും ശിൽപ്പകലയുടെയും പുരാതന ശാസ്ത്രവും കലയും പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ബി.ഐ.എഫ്. നൽകുന്ന ഗ്രാന്റ്, പാഠശാലയിലെ അവശ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, ആധുനിക ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനും പണിശാലകൾ സ്ഥാപിക്കുന്നതിനും സഹായകമാകും.
ഗുരുകുല മാതൃകയിൽ പ്രവർത്തിക്കുന്ന ശിൽപ്പ പാഠശാല, ആചാര്യന്മാരായ സ്ഥപതികളുടെ കീഴിൽ സമ്പൂർണ്ണമായ പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നു. വിദ്യാർത്ഥികൾക്ക് പരമ്പരാഗത കരകൗശലവിദ്യയിൽ ലോകോത്തര പരിശീലനം നൽകുന്നതിനൊപ്പം എസ്.സി.എസ്.വി.എം.വിയിൽ നിന്ന് യൂണിവേഴ്സിറ്റി അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും.
“ഈ സഹകരണം ഇന്ത്യയുടെ വാസ്തുവിദ്യാപരവുo സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനായുള്ള ഞങ്ങളുടെ ഒരു പരിശ്രമമാണ്. ഗ്രാമീണ യുവാക്കളെ പരമ്പരാഗത വൈദഗ്ധ്യത്തിൽ പരിശീലനം നൽകി ശാക്തീകരിക്കുന്നതിലൂടെ, പുരാതന വിജ്ഞാനം സംരക്ഷിക്കുക മാത്രമല്ല, ഭാവിക്ക് സുസ്ഥിരമായ ഉപജീവനമാർഗ്ഗം സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്,” ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ പറഞ്ഞു.
വളരെ മികച്ചതും ഗുണമേന്മയുമുള്ള വിദ്യാഭ്യാസത്തിലൂടെ സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ ഉറപ്പാക്കിക്കൊണ്ട് രാജ്യത്തിന്റെ വാസ്തുവിദ്യാ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഈ സംരംഭം കൂടുതൽ കരുത്തേകും.