കോന്നി: വനം വകുപ്പ് ഓഫിസ് മാർച്ചിനിടെ വീണ്ടും വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയുമായ കെപി ഉദയഭാനു. ‘‘ഒരു സ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് എടുത്തുകൊണ്ടുപോയി. പണ്ടു നമ്മൾ പറയുമായിരുന്നു ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയിരുന്നതെന്ന്’’– വന്യമൃഗശല്യത്തിനെതിരെ ഡിഎഫ്ഒ ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് ഉദയഭാനുവിന്റെ വിവാദ പരാമർശം.
ഇതിനു മുൻപും വിവാദ പരാമർശവുമായി ഉദയഭാനു രംഗത്തെത്തിയിരുന്നു. അന്ന് ഭാഗവതവുമായി ബന്ധപ്പെടുത്തിയായിരുന്നു ഉദയഭാനുവിന്റെ വിവാദ പരാമർശം. കൂടാതെ ആനയെയും പന്നിയെയും പുലിയെയും മറ്റും പൂജിക്കുന്നതായും കുറ്റപ്പെടുത്തിയ ഉദയഭാനു മൃഗങ്ങളെയെല്ലാം പൂജിക്കുന്നത് ലോകത്തെവിടെയെങ്കിലും ഉണ്ടോയെന്നും ചോദിച്ചിരുന്നു. അതേസമയം ഉദയഭാനുവിന്റെ പരാമർശത്തിനെതിരെ ബിജെപി റാന്നി പോലീസിൽ പരാതി നൽകി.
‘‘താന്തോന്നികളായ കുറെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവിടെ ഉണ്ട്. അവരുടെ താന്തോന്നിത്തരത്തിന്റെ തായ്‌വേരറക്കാനുള്ള ശക്തി നാട്ടിലെ ജനങ്ങൾക്കുണ്ട്. ഫോറസ്റ്റുകാർക്ക് മനുഷ്യനുമായി ഒരു ബന്ധവുമില്ല. കാട്ടുമൃഗങ്ങളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ സ്വഭാവം തന്നെ മാറിയിട്ടുണ്ട്. കുളത്തുമണ്ണിൽ കാട്ടാന ചത്തിട്ടും ഫോറസ്റ്റുകാർ അറിഞ്ഞില്ല, ഇവരുടെ ജോലി എന്താ. നാലഞ്ച് ദിവസം കഴിഞ്ഞ് എത്തി ബംഗാളികളെ പിടിച്ചുകൊണ്ടുപോയി. ഗർഭിണിയായ യുവതിയുടെ ഭർത്താവിനെ പിടിച്ചുകൊണ്ടുപോയി മർദിച്ചു. ഇതിനെതിരെ പോലീസ് കേസെടുക്കണം. അല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേക്കു ഞങ്ങൾക്ക് വരേണ്ടി വരും.
ഭർത്താവിനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിക്കുന്നതായി സ്ത്രീ എംഎൽഎയോടു പറഞ്ഞിരുന്നു. എംഎൽഎ ഫോറസ്റ്റ് സ്റ്റേഷനിൽപോയി സംസാരിച്ചു. ഫോറസ്റ്റുകാർ എന്താ മഹാരാജാക്കന്മാരാണോ. അവരോട് സംസാരിക്കാൻ കഴിയില്ലേ, ഫോറസ്റ്റ് ഓഫിസ് ഒരു സർക്കാർ ഓഫിസാണ്. അവിടെപ്പോയി സംസാരിച്ചപ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ചാരിത്ര്യത്തിനു ഭംഗം സംഭവിച്ചെന്നാ പറയുന്നത്.’’ – കെപി ഉദയഭാനു പറഞ്ഞു.
‘‘പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലുള്ളവർ വീടു വിട്ട് പോകുന്നു. അതിനേക്കാൾ വലിയ യുദ്ധമാണ് ഇവിടെ വന്യജീവികളുമായി നടക്കുന്നത്. കൊക്കാത്തോട് പ്രദേശത്തെ 50% ആളുകൾ സ്ഥലം വിട്ടുപോയിരിക്കുന്നു. വന്യമൃഗശല്യം മൂലം മലയോര മേഖലയിൽനിന്നു നാടുവിട്ടുപോയവരെ തിരികെക്കൊണ്ടുവന്ന് താമസിപ്പിക്കാൻ പോകുകയാണ്. ഇതിനായി വൊളന്റിയർമാരെ ഉണ്ടാക്കുകയാണ്. നാട് സംരക്ഷിക്കാനായി വൈകിട്ട് ഞങ്ങൾ പരേഡ് നടത്തും.
വന്യമൃഗശല്യത്തിനെതിരെ ജനങ്ങൾ പ്രതിരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എങ്ങനെ പ്രതിരോധിക്കുമെന്ന് കാണാം. ഇപ്പോൾ കുളത്തുമണ്ണിൽ അങ്കണവാടിയിലെ കുട്ടികളെ വിടുന്നില്ല. പുലി ഇറങ്ങിയിട്ടുള്ളതായാണ് പറയുന്നത്. കേസ് കാണിച്ച് ഞങ്ങളെ വിരട്ടരുത്. കേസിലൂടെയാണ് ഞങ്ങൾ വളർന്നു വന്നത്.’’ – ഉദയഭാനു പറഞ്ഞു.