‘എമ്പുരാൻ’ സിനിമയ്‌ക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ ഏറ്റെടുക്കാതെ ബിജെപി സംസ്ഥാന നേതൃത്വം. ഇപ്പോഴുണ്ടാകുന്ന അഭിപ്രായപ്രകടനങ്ങൾ വ്യക്തിപരമാണെന്നും സംഘടനയുടേതല്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ. ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിന് ശേഷം സെക്രട്ടറി അഡ്വ. എസ്. സുരേഷിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘സിനിമയ്‌ക്കെതിരെ ബിജെപി കാംപെയ്ൻ തുടങ്ങിയിട്ടില്ല. ഒരു സിനിമയും പാർട്ടിയെ ബാധിക്കില്ല. സിനിമ, സിനിമയുടെ വഴിക്ക് പോവും. പാർട്ടി, പാർട്ടിയുടെ വഴിക്ക് പോവും. സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടത്. സിനിമ ഞങ്ങളെ ബാധിക്കുന്ന വിഷയമേയല്ല’, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുധീർ പറഞ്ഞു.
‘സിനിമ ആസ്വാദകർ എന്ന നിലയിൽ ഓരോരുത്തരും അവർ കാണുമ്പോൾ അഭിപ്രായങ്ങൾ പ്രകടിപ്പിക്കും. പാർട്ടിയെ സംബന്ധിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല. സോഷ്യൽ മീഡിയയിൽ വരുന്നത് വ്യക്തിപരമായ അഭിപ്രായമാണ്, സംഘടനയുടേത് അല്ല’, സുധീർ കൂട്ടിച്ചേർത്തു.