ആദ്യം തന്നെ ഒരു ഫേസ് ബുക്ക് പോസ്റ്റ് നോക്കാം, ബിനീഷ് കൊടിയേരി ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു വാർത്ത ഷെയർ ചെയ്തുകൊണ്ട് എഴുതിയിരിക്കുന്ന പോസ്റ്റാണ്. കൊച്ചിക്കാർക്ക് സന്തോഷമായില്ലേ, പഴയ കൊച്ചിയെ തിരികെ കിട്ടിയില്ലേ, പോരെങ്കിൽ അവരവരുടെ സമുദായങ്ങൾക്ക് ആളാം വീതം സ്ഥാനമാനങ്ങളും കിട്ടി. അങ്ങനെ കമ്മ്യൂണിസ്റ്റുകാർ ഭരിച്ചിട്ട് നാടു നന്നാവേണ്ട. ഇതാണ് പോസ്റ്റ്. കൊച്ചിയിലെ ചില പ്രദേശങ്ങളിൽ റോഡിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഒരു ചിത്രം ആണ് ഏഷ്യാനെറ്റ് പങ്കുവച്ചിരുന്നത് പോസ്റ്റിൽ ചേർത്തിട്ടുമുണ്ട്. ഇടതു സൈബർ ഹാന്റിലുകൾ കാര്യമായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒരു ചിത്രം കൂടിയായിരുന്നു അത്. അതായത് കൊച്ചി കോർപറേഷനിൽ ഇടതു ഭരണം മാറി യുഡിഎഫ് ഭരണം വന്ന ഉടൻ തന്നെ എല്ലാം കുളമാണെന്ന പ്രൊപ്പഗാൻഡയാണ് അവർ നടത്തുന്നത്. അതാണ് ബിനീഷ് ഷെയർ ചെയ്തിരിക്കുന്നതും.
ഇടതു നേതാക്കൾ തങ്ങളുടെ പ്രസംഗങ്ങളിൽ എപ്പോഴും പറയുന്ന ഒരു പേരാണ് ഗീബൽസ് എന്നത്. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അത് കുറേ പേരെങ്കിലും വിശ്വസിക്കും എന്ന സിദ്ധാന്തം മുന്നോട്ട് വച്ച ഹിറ്റ്ലറുടെ പ്രൊപ്പഗാൻഡ മന്ത്രി ആയിരുന്നു ഗീബൽസ്, ഇടതു നേതാക്കൾ എതിരാളികളെയാണ് ഗീബൽസിനോട് ഉപമിക്കാറുള്ളതെങ്കിൽ സത്യത്തിൽ ഇവരോളം ഈ സിദ്ധാന്തം നടപ്പാക്കുന്നവർ വേറെയില്ല എന്നതാണ് യാഥാർത്ഥ്യം. അതിന്റെ ഒരുദാഹരണമാണ് നേരത്തേ പറഞ്ഞത്. ഭരണം മാറി ഒരു ആഴ്ച കഴിയുമ്പോഴേക്കും ആകെ കുഴപ്പമാണ് എന്ന് വരുത്താനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ എന്താണ് വസ്തുത.
ഭരണം മാറിയെങ്കിലും നിലവിലെ സംവിധാനങ്ങൾ തന്നെ അവിടെ തുടരുന്നുണ്ട്, മാത്രമല്ല ഭരണം മാറിയ ഉടനെ അതുവരെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ചിരുന്ന ജനത പെട്ടെന്ന് തന്നെ ഇങ്ങനെ റോഡിൽ വലിച്ചെറിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. ഇനി അഥവാ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരായിരിക്കും ഈ പോസ്റ്റിനു വേണ്ടി ഇങ്ങനെ ഇട്ട് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത്. ഇപ്പോൾ മനസിലായില്ലേ ഈ ഫോട്ടോ എന്തുകൊണ്ടായിരിക്കാം വന്നതെന്ന്. ചിലപ്പോൾ മാലിന്യങ്ങൾ കോർപറേഷൻ എടുത്ത് കൊണ്ട് പോകുന്നതിനു മുമ്പ് ഫോട്ടോ എടുത്തതായിരിക്കാനും മതി. എന്തായാലും ഭരണം നഷ്ടപ്പെടുന്ന അന്ന് മുതൽ അതുവരെ നമ്പർ വൺ എന്ന് പുകഴ്ത്തിയിരുന്ന അതേ സംവിധാനത്തെ നേരെ തിരിച്ച് മൊത്തം പ്രശ്നമാണ് എന്ന് പ്രചരിപ്പിക്കുന്നത് ഗീബൽസിന്റെ സിദ്ധാന്തത്തിന്റെ പ്രയോഗവത്കരണമല്ലാതെ മറ്റെന്താണ്. എന്നിട്ട് തങ്ങൾ ചെയ്യുന്ന ഇത്തരം തരികിടകൾ യാതൊരുളുപ്പുമില്ലാതെ മറ്റുള്ളവരിൽ ആരോപിക്കുകയും ചെയ്യും. ഇതാണ് ഇടതിന്റെ ഇരട്ടത്താപ്പ്.
എന്തായാലും മാലിന്യമാണല്ലോ വിഷയം. അപ്പോൾ ഒരു കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരാം. വൃത്തിയുടെ കാര്യത്തിൽ തമിഴ്നാട്ടുകാരെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളേയും വളരെയധികം പരിഹസിക്കുന്നവരും വ്യക്തശുചിത്വത്തിൽ വളരെ മുമ്പിൽ നിൽകുന്നവരാണ് നമ്മൾ എന്ന് അഭിമാനിക്കുന്നവരും ചെയ്യുന്നതാണ് മലയാളികൾ. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഒരു നിയമസഭാ ചോദ്യത്തിൽ മലയാളികളുടെ ഈ കപട അഭിമാന ബോധത്തിന് കനത്ത അടിയേൽപിക്കുന്ന മറുപടിയാണ് വന്നിരിക്കുന്നത്. കോൺഗ്രസ് എം എൽ എ ആയ മാത്യു കുഴൽ നാടൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നമുക്ക് ആ ചോദ്യവും അതിന്റെ ഉത്തരവും ഒന്ന് നോക്കാം.
ആദ്യം ചോദ്യം – തമിഴ്നാട്ടിൽ മാലിന്യം നിക്ഷേപിച്ചത് സംബന്ധിച്ച കേസിൽ കേന്ദ്ര ഹരിത ട്രൈബ്യൂണൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് എന്തെല്ലാം നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചോദ്യം കേൾക്കുമ്പോൾ നമുക്ക് എന്താണ് സംഭവമെന്ന് ആദ്യം മനസിലാവില്ല. എന്നാൽ ഉത്തരത്തിൽ എല്ലാമുണ്ട്. അനധികൃതമായി തമിഴ്നാട്ടിൽ കൊണ്ടുപോയിട്ടുള്ള മാലിന്യങ്ങൽ 3 ദിവസത്തിനകം നീക്കം ചെയ്യാനും സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാനും ട്രൈബ്യൂണൽ ഉത്തരവ് നൽകിയിരുന്നു. ഇതനുസരിച്ച് 2024 ഡിസംബർ 20 ന് കേരള സംസ്ഥാന മലിനീകരണബോർഡ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി 383 ടൺ വരുന്ന മാലിന്യങ്ങൾ തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡിസംബർ 22, 23 തീയതികളിലായി കേരളത്തിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്.
എങ്ങനുണ്ട് നമ്മുടെ മാലിന്യ നിർമാർജന സംവിധാനം. ദൈവമേ കൈതൊഴാം കേക്കുമാറാകണം എന്ന സിനിമയിൽ സലിംകുമാർ അവതരിപ്പിക്കുന്ന ഗോപി കരമണ്ണൂർ എന്ന കഥാപാത്രം മാലിന്യ നിർമാർജനം നടത്തുന്ന ഒരു രീതിയുണ്ട്. വീടുകളിൽ നിന്ന് മാലിന്യം ശേഖരിച്ച് ഏതെങ്കിലും ഷോപ്പിംഗ് മാളിൽ പോകും. അതിനകത്തേക്ക് ബാഗുകൾ കടത്തി വിടില്ലല്ലോ. അപ്പോൾ ബാഗുകൾ പുറത്ത് സൂക്ഷിക്കാനുള്ള സ്ഥലമുണ്ട്. അവിടെ കൊടുത്താൽ ഒരു ടോക്കൺ ലഭിക്കും. ആ ടോക്കൺ തിരികെ കൊണ്ടു ചെല്ലുമ്പോൾ ബാഗ് തിരികെ ലഭിക്കുന്ന സംവിധാനമാണ് അത്. എന്നാൽ ഗോപി കരിമണ്ണൂർ മാലിന്യങ്ങൾ ബാഗിലാക്കി അവിടെ കൊടുത്ത് ടോക്കൺ വാങ്ങി പോകും, പിന്നെ ആ മാലിന്യം വാങ്ങാൻ ടോക്കണും കൊണ്ട് പോവില്ല. അവർ എന്താണെന്ന് വച്ചാൽ ചെയ്തോട്ടെ എന്നതാണ് ഗോപിയുടെ ലൈൻ. ഇതേ നയവും നമ്മുടെ ഇടതു ഭരണകാലത്ത് മാലിന്യ സംസ്കരണത്തിന് സ്വീകരിച്ചിരുന്നു എന്നാണ് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ സമ്മതിച്ചിരിക്കുന്നത്. അതായത് ഇവിടുത്തെ മാലിന്യങ്ങൾ മൊത്തം ശേഖരിച്ച് ടൺകണക്കിനാവുമ്പോൾ തമിഴ്നാട്ടിൽ എവിടെയെങ്കിലും കൊണ്ട് തട്ടി തിരികെ പോരും. എത്ര തവണ ഇത് ചെയ്തിരിക്കുന്നു എന്നതിന് കണക്കൊന്നുമില്ല. പക്ഷേ മൂന്നു വട്ടം കൈയോടെ പിടിച്ച് തട്ടിയ മാലിന്യം തിരികെ കയറ്റി കൊണ്ടുപോരേണ്ട നാണക്കേട് നമ്മുടെ ഭരണകൂടത്തിന് ഉണ്ടായിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
2021 ൽ അണ്ണാമലയിലും 2023 ൽ തിരുനെൽവേലിയിലും പിന്നെ 2024 ൽ നേരത്തേ പറഞ്ഞ സംഭവം കൈയോടെ പിടിക്കപ്പെടുകയും കേസ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ടൺ കണക്കിന് മാലിന്യമാണ് ഇങ്ങനെ അതിർത്ഥി കടത്തി കൊണ്ട് പോയി തള്ളിയത്. ഈ മോഡൽ സജീവമായി നടത്തി നാണക്കേടുണ്ടാക്കിയ സഖാക്കളാണ് ഇപ്പോൾ റോഡ് വക്കിൽ കുറച്ചു പ്ലാസ്റ്റിക് കവറുകൾ കണ്ടപ്പോൾ യു ഡി എഫ് ഭരണത്തിനെതിരെ വിമർശനത്തിന്റെ പ്രൊപ്പഗാൻഡയുമായി ഇറങ്ങിയിരിക്കുന്നത്. വൃത്തിയുടെ കാര്യത്തിൽ നമ്മൾ പരിഹസിക്കുന്ന തമിഴ്നാട്ടുകാർ ഒരിക്കലും തങ്ങളുടെ മാലിന്യം മറ്റുള്ളവന്റെ സ്ഥലത്ത് തള്ളി ഇത്തരത്തിൽ കേസിൽ കുടങ്ങി നാണം കെട്ടിട്ടില്ല. അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ് സഖാക്കളെ, നിങ്ങളെ തിരുത്താമെന്നോ ചിന്തിപ്പിക്കാമെന്നോ ഉള്ള അമിതപ്രതീക്ഷയൊന്നും ഇല്ല. കാരണം അത്തരം മാനുഷിക മൂല്യങ്ങളൊന്നും വശമില്ലാത്തതുകൊണ്ടാണല്ലോ നിങ്ങൾ സഖാക്കളായത്. പക്ഷേ ഒന്നോർക്കുക, നാട്ടുകാർ നിങ്ങളുടെ ഈ നുണക്കഥകൾക്ക് എത്ര വില നിൽകിയെന്നതിന്റെ തെളിവാണ് അധികാരത്തിൽ നിന്നും പുറംകാൽകൊണ്ട് തൊഴിച്ച് പുറത്തിരുത്തിയത്. അതെങ്കിലും അംഗീകരിക്ക്. ഭരണം തുടങ്ങിയതല്ലേ ഉള്ളൂ. കരഞ്ഞു മെഴുകാൻ ഇനിയും എത്രനാൾ കിടക്കുന്നു. അതുകൊണ്ട് ഒന്ന് മയത്തിൽ നുണപ്രചരണം നടത്ത്. ആളുകൾ വെറും പൊട്ടന്മാരല്ല.














































