പട്‌ന (ബിഹാർ): കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശിച്ചതിനുപിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് ക്ഷേത്രം ശുദ്ധീകരിച്ചെന്ന് ആരോപണം. ബിഹാർ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവതി സ്ഥാനിലുള്ള ദുർഗാ ക്ഷേത്രത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുടിയേറ്റം നിർത്തുക, ജോലി നൽകുക എന്ന മുദ്രാവാക്യവുമായി നിലവിൽ ബിഹാറിൽ റാലി നടത്തുകയാണ് കനയ്യ കുമാർ. പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.
ചൊവ്വാഴ്ച രാത്രിയോടെ ബിഹാറിൽ താൻ നടത്തുന്ന റാലിക്കിടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽവച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹം മടങ്ങിയതിന് തൊട്ടടുത്തദിവസം നഗർ പഞ്ചായത്ത് ബൻഗാവ് വാർഡ് കൗൺസിലർ ആയ അമിത് ചൗധരിയുടെ നേതൃത്വത്തിൽ മണ്ഡപം വൃത്തിയാക്കുകയായിരുന്നു. ഗംഗാജലം ഉപയോഗിച്ചാണ് മണ്ഡപം വൃത്തിയാക്കിയതെന്നാണ് ഇവർ പ്രതികരിച്ചത്.
അതേസമയം കനയ്യ കുമാർ രാജ്യത്തിന് വിരുദ്ധമായി സംസാരിച്ചെന്നും ക്ഷേത്രത്തിലെ ഭഗവതി സ്ഥാനത്തുനിന്നാണ് അദ്ദേഹം സംസാരിച്ചതെന്നുമായിരുന്നു ശുദ്ധീകരിച്ച ശേഷം പ്രതികരണം. ക്ഷേത്രം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ച് കനയ്യ കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വിമർശനമുന്നയിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ പുതിയ വിവാദമാണ് ഈ സംഭവത്തോടെ ഉയർന്നിരിക്കുന്നത്.
Bihar: In Saharsa district, youths washed a Durga temple premises with Ganga Jal after Congress leader Kanhaiya Kumar addressed a gathering there pic.twitter.com/piluPpcYs6
— IANS (@ians_india) March 26, 2025