ശ്രീനഗർ: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അസം സര്‍വകലാശാലയിലെ പ്രഫസറായ ദേബാശിഷ് ഭട്ടാചാര്യ രക്ഷപെട്ടത്. വെടിവയ്പ്പുണ്ടായതോടെ ഓടി പൈന്‍മരക്കൂട്ടത്തിനിടയിലേക്ക് ആളുകള്‍ ഒളിച്ചുവെന്നും കൂടി നിന്നവര്‍ക്കൊപ്പം പ്രാര്‍ഥനാവാചകങ്ങള്‍ ഉരുവിട്ടാണ് താന്‍ രക്ഷപെട്ടതെന്നും ദേബാശിഷ് ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘മരക്കൂട്ടത്തിന് പിന്നില്‍ മറഞ്ഞപ്പോഴാണ് ആളുകള്‍ ബാങ്കുവിളിക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
അപ്പോള്‍ തന്നെ ലാ ഇലാഹ ഇന്നള്ളാ.. എന്ന് ഉരുവിടാന്‍ തുടങ്ങി. തോക്കുമായി പാഞ്ഞെത്തിയ ഭീകരവാദി കണ്ണില്‍ നോക്കി എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. മറുപടിയായി ഉറക്കെ കലിമ ചൊല്ലി. വീണ്ടും അയാള്‍ എന്താണ് ചൊല്ലുന്നതെന്ന് ചോദിച്ചു, പ്രാര്‍ഥന തന്നെ ഉരുവിട്ടതോടെ തോക്കുധാരി മടങ്ങി’പ്പോയെന്നും ദേബാശിഷ് പറയുന്നു. ‘കലിമ ചൊല്ലണമെന്ന് എന്നോട് അവര്‍ ആവശ്യപ്പെട്ടില്ല. പക്ഷേ ആളുകള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഞാനും ഒപ്പം ചേര്‍ന്നതാണ്’- ദേബാശിഷ് കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിനൊപ്പമാണ് അസം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസറായ ദേബാശിഷ് പഹല്‍ഗാമിലെത്തിയത്. ഇവരെ സുരക്ഷിതമായി അസമിലെത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയാണെന്ന് അസം മുഖ്യമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ശനിയാഴ്ചയോടെ ഇവരെ ശ്രീനഗറിലെത്തിക്കുമെന്നും അവിടെ നിന്നും അസമിലേക്ക് കൊണ്ടുപോകുമെന്നുമാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.