ബെംഗളൂരു: ബെംഗളൂരുവിലെ 26 കാരനായ ജിം പരിശീലകനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ച വിവരമറിഞ്ഞതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ കഴിഞ്ഞ മൂന്ന് വർഷമായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു.
എന്നാൽ കഴിഞ്ഞദിവസം കാമുകിയെ കണ്ടപ്പോൾ, തന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരം അവർ കിരണിനെ അറിയിച്ചു. പിന്നാലെ മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയ കിരൺ മുറിക്കുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു. കിരണിനെ ഏറെ നേരം പുറത്തു കാണാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ചു അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്.
കിരൺ യുവതിയുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. കിരൺ തന്റെ സമ്പാദ്യമെല്ലാം കാമുകിയെ സഹായിക്കാനായി ചെലവാക്കിയതായും വായ്പകൾ വരെ തിരിച്ചടച്ചതായും പറയപ്പെടുന്നു. വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിൽ കിരൺ തന്റെ കുടുംബത്തിനും കാമുകിയെ പരിചയപ്പെടുത്തിയിരുന്നു.
എന്നാൽ വിവാഹ സാരിയും ക്ഷണക്കത്തും കാമുകി കിരണിനെ കാണിച്ചതായും ഇത് കിരണിനെ മാനസികമായി തകർത്തതായും റിപ്പോർട്ടുകളുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കിരണിന്റെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
















































