ദുബായ്: യുഎഇയിലെ ബാങ്ക് ഉപയോക്താക്കള്‍ക്ക് കര്‍ശന നിര്‍ദേശം. ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങൾ പുതുക്കി നൽകണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അല്ലാത്തപക്ഷം ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാക്കിയേക്കും. ഇടപാടുകാരുടെ പൂർണവിവരങ്ങൾ (കെവൈസി, നോ യുവര്‍ കസ്റ്റമര്‍) ആവശ്യമാണ്.
ഇടപാടുകാരുടെ വ്യക്തിഗതവിവരങ്ങൾ പുതുക്കുന്നത് ബാങ്ക് ഇടപാടിനുള്ള അടിസ്ഥാന നിബന്ധനയായതിനാല്‍ ബാങ്കിൽ സമർപ്പിച്ച രേഖകൾ കാലാവധി തീർന്നാൽ പുതുക്കേണ്ടതാണ്. ഒരു മാസം കഴിഞ്ഞിട്ടും വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട കാർഡുകൾ മരവിപ്പിക്കും.
കാലാവധിയുള്ള പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി പകർപ്പുകളാണ് ഇടപാടുകൾക്കുള്ള അടിസ്ഥാനരേഖയായി കണക്കാക്കുന്നത്. ചില ഇടപാടുകൾക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശമ്പളപത്രവും ബാങ്കുകൾ ആവശ്യപ്പെടുന്നു. ഇവ കാലാവധിയുള്ളതായിരിക്കണം. സ്വദേശികൾക്ക് പാസ്പോർട്ടും വിദേശികൾക്ക് വിസ പതിച്ച പാസ്പോർട്ട് പകർപ്പും താമസവിലാസവും ടെലിഫോൺ നമ്പറും നൽകിയാൽ മുന്‍പ് ഇടപാടുകൾ സാധ്യമായിരുന്നു. ഇപ്പോൾ സാക്ഷ്യപ്പെടുത്തിയ കെട്ടിടവാടകക്കരാറും ജല – വൈദ്യുതി ബില്ലുകളും വരെ ചില ബാങ്കുകള്‍ ആവശ്യപ്പെടുന്നുണ്ട്. സ്വദേശികളായാലും വിദേശികളായാലും സമർപ്പിക്കുന്ന രേഖകൾ കാലാവധിയുള്ളതാകണം.