ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണ വിതരണം ഭാഗികമായി തടസ്സപ്പെട്ടതിനാൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ. വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥനകൾ വന്നത്. ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അയൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബംഗ്ലാദേശ് ഇന്ത്യയിൽ നിന്ന് ഡീസൽ വിതരണം പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര ലഭ്യതയും ഉൽപാദന നിലവാരവും വിലയിരുത്തിയ ശേഷം ഇന്ത്യ തീരുമാനമെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ധന കയറ്റുമതിക്കായി ചില അയൽ രാജ്യങ്ങളിൽ നിന്ന് അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ആഭ്യന്തര ലഭ്യതയും ഉൽപാദനവും പരിഗണിക്കുമെന്ന് വ്യാഴാഴ്ച നടന്ന മാധ്യമസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
അസമിലെ റിഫൈനറിയിൽ നിന്ന് 5000 ടൺ ഡീസലാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടത്. 2017 മുതൽ ഈ റിഫൈനറിയിൽ നിന്ന് ഇന്ത്യ ബംഗ്ലാദേശിന് ഇന്ധനം നല്കിവരുന്നുണ്ട്. ഊർജ്ജ ആവശ്യത്തിന്റെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്. നിലവിൽ ഈ രാജ്യം കടുത്ത ഊർജ്ജ ക്ഷാമം നേരിടുകയാണ്. ഇന്ധന പ്രശ്നം രൂക്ഷമായതോടെ സർവകലാശാലകൾ അടച്ചുപൂട്ടി. ദിവസേനയുള്ള ഇന്ധന റേഷനിംഗ് ഏർപ്പെടുത്തൽ അടക്കമുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് ബംഗ്ലാദേശ്.
പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നിരുന്നു. പാകിസ്ഥാനും ഇന്ധന ലഭ്യതക്കുറവിനാൽ പെട്ടിരിക്കുകയാണ്. എൽപിജി ലഭ്യതയുടെ കാര്യത്തിൽ ഇന്ത്യയിലും പ്രതിസന്ധിയുണ്ടെങ്കിലും പെട്രോൾ, ഡീസൽ വിതരണത്തെ ബാധിച്ചിട്ടില്ല.
















































