ദുബായ്: ഏഷ്യാ കപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ച്വറി നേടി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ അവസാന പോരാട്ടത്തിൽ 22 പന്തിൽ 51 റൺസെടുത്താണ് അഭിഷേക് ഹാട്രിക് അർധ സെഞ്ച്വറി നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു.
31 പന്തിൽ 61 റൺസെടുത്ത അഭിഷേകിനെ ചരിത് അസലങ്ക കമിന്ദു മെൻഡിസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ട് സിക്സും എട്ട് ബൗണ്ടറികളുമാണ് അഭിഷേകിന്റെ ബാറ്റിൽ നിന്ന് പിറന്നത്. മലയാളി താരം സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തിൽ 39 റൺസെടുത്ത് പുറത്തായി. മൂന്ന് സിക്‌സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
തിലക് വർമ 49* റൺസും അക്സർ പട്ടേൽ പുറത്താകാതെ 21 റൺസുമെടുത്തു. അവസാന നിമിഷം വരെ തിലക് വർമ അർധ സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും അക്സർ സ്ട്രൈക് കൈമാറാതെ ലാസ്റ്റ് ഓവറിലെ അഞ്ചാം പന്തിൽ 2 ഉം ലാസ്റ്റ് പന്ത് സിക്സറും തൂക്കിയതോടെ തിലകിന്റെ സ്കോർ 49ൽ അവസാനിച്ചു.
അതേസമയം ഗിൽ 4, ക്യാപ്റ്റൻ സൂര്യകുമാർ 12, ഹർദിക് പാണ്ഡ്യ 2 ഇത്തവണയും നിരാശപ്പെടുത്തി.