തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് വെട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. കോൺഗ്രസ് സ്ഥാനാർഥുക്കെതിരായ പരാതിയിൽ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫിസിലെ 2 ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി അവിടെ താമസിക്കുന്നവരിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങി. തങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നത്, 2 വർഷമായി മറ്റാരും ഇവിടെയില്ലായെന്നാണ് എഴുതി വാങ്ങിയത്.
അന്തിമ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയായ വൈഷ്ണയുടെ പേരിനൊപ്പം രേഖപ്പെടുത്തിയിട്ടുള്ള 18/564 എന്ന വീട്ടു നമ്പറിൽ വൈഷ്ണ താമസിക്കുന്നില്ലെന്നും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ പരാതി. തുടർന്ന് ക്ലാർക്ക് ജി.എം. കാർത്തിക നടത്തിയ അന്വേഷണത്തിൽ 18/564 എന്ന നമ്പരുള്ള വീട്ടിൽ വൈഷ്ണ താമസിക്കുന്നില്ലെന്ന് കണ്ടെത്തി. സൂപ്രണ്ട് ആർ. പ്രതാപ ചന്ദ്രൻ നടത്തിയ ഹിയറിങിൽ വൈഷ്ണ നൽകിയ രേഖകൾ പരിശോധിക്കാതെ കാർത്തികയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈഷ്ണയുടെ വോട്ട് ഒഴിവാക്കാം എന്നു ശുപാർശ ചെയ്തു. പിന്നാലെ ഇലക്ടറൽ ഓഫിസർ കൂടിയായ അഡിഷനൽ സെക്രട്ടറി വി.സജികുമാർ വൈഷ്ണയുടെ പേര് ഒഴിവാക്കുകയും ചെയ്തു.
ഈ സമയത്ത് തന്നെ കോർപറേഷനിലെ പ്രോജക്ട് സെല്ലിലെ ക്ലാർക്ക് ഉൾപ്പെടെയുള്ള മേയറുടെ ഓഫിസിലെ 2 ഉദ്യോഗസ്ഥർ സമാന്തര ഇടപെടൽ നടത്തി. വൈഷ്ണ താമസിക്കുന്ന വീട്ടിലെത്തി ‘ തങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നതെന്നും 2 വർഷമായി മറ്റാരും ഇവിടെയില്ലെന്നും’ ഉള്ള സത്യവാങ്മൂലം ഇവർ താമസക്കാരിൽനിന്ന് എഴുതി വാങ്ങി. വൈഷ്ണയുടെ പേര് ഒഴിവാക്കാനുള്ള അന്വേഷണത്തിൽ ക്ലാർക്ക് ജി.എം. കാർത്തിയകയും ഹിയറിങ് നടത്തിയ സൂപ്രണ്ട് പ്രതാപ ചന്ദ്രനും മാത്രമേ ഇടപെട്ടിട്ടുള്ളൂ എന്നാണ് കോർപറേഷൻ ഇലക്‌ഷൻ സെൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്.

















































