ദുബായ്: എന്താണ് സംഭവിച്ചതെന്ന് കണ്ണിന് മനസിലാകുന്നതിലും വേഗത്തിലൊരു ക്യാച്ച്. അങ്ങനെയായിരുന്നു വിരാട് കോലിയുടെ മടക്കം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിലായിരുന്നു ഇന്ത്യൻ താരം വിരാട് കോലിയെ പുറത്താക്കാൻ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സിന്റെ വിസ്മയ ക്യാച്ച്. ഇന്ത്യൻ ഇന്നിങ്സിലെ ഏഴാം ഓവറിലാണ് വിരാട് കോലിയെ ഉൾപ്പെടെ ഞെട്ടിച്ച ഗ്ലെൻ ഫിലിപ്സിന്റെ മാന്ത്രിക ക്യാച്ച് സംഭവിച്ചത്.
14 പന്തുകൾ നേരിട്ട കോലി, രണ്ടു ഫോറുകൾ സഹിതം 11 റൺസുമായി മികച്ച തുടക്കമിട്ടതിനു പിന്നാലെയാണ്, മാറ്റ് ഹെൻറിയുടെ പന്തിൽ ഫിലിപ്സിന് ക്യാച്ച് സമ്മാനിച്ചത്. ഈ ക്യാച്ചോടെ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിൽ തകരുകയും ചെയ്തു.
സംഭവം ഇങ്ങനെ- മാറ്റ് ഹെൻറിയുടെ ഏഴാം ഓവറിൽ ഡബിളുമായാണ് കോലി തുടക്കമിട്ടത്. അടുത്ത പന്തിൽ റണ്ണില്ല. മൂന്നാം പന്തിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ കോലിക്ക് ബൗണ്ടറി. എന്നാൽ, നാലാം പന്തിൽ വീണ്ടും ബൗണ്ടറി ലക്ഷ്യമിട്ട കോലിയെ ഭാഗ്യം തെല്ലും തുണച്ചില്ല. ഇത്തവണ ബാക്ക്‌വാഡ് പോയിന്റിൽ അത്യുജ്വലമായ ക്യാച്ചിൽ കോലിയുടെ ഇന്നിങ്സിന് ഫിലിപ്സ് വിരാമമിട്ടു.
ഇവനെക്കുറിച്ച് കമന്ററിക്കിടെ ദിനേഷ് കാർത്തിക് വിശേഷിപ്പിച്ചത് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ഗ്ലെൻ ഫിലിപ്സാണെന്നായിരുന്നു, അതു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആ വാക്കുകൾ ശരിവച്ച് തികച്ചും ലോകോത്തരമായ ക്യാച്ചിലൂടെ താരം കോലിയെ മടക്കിയത്. ഏതാനും ദിവസം മുൻപ് പാക്കിസ്ഥാനെതിരെയും അത്യുജ്വലമായ ഒരു ക്യാച്ചുമായി ഫിലിപ്സ് വിസ്മയം സൃഷ്ടിച്ചിരുന്നു.
ഇന്ത്യയിപ്പോൾ 41 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 196 എന്ന നിലയിലാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
GLENN PHILIPS – THE GREATEST IN TAKING STUNNERS 🤯#INDvsNZ pic.twitter.com/7LVPc3P1jq
— Nitin Yadav (@Nitinyadav223) March 2, 2025