തിരുവനന്തപുരം: ബത്തേരിക്കും ഇടുക്കിക്കും പിന്നാലെ പാലോടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മധ്യവയസ്‌കനെയാണ് കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. വെൻകൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടിൽ ബാബു(54)വിന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി ആറുമണിയോടെ പരിസരവാസികൾ കണ്ടെത്തിയത്.
കഴിഞ്ഞ നാലു ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ആന ചവിട്ടിക്കൊന്ന നിലയിൽ മൃതദേഹം കണ്ടത്. കുളത്തൂപ്പുഴ വനംപരിധിയിൽപ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപം ബാബുവിന്റെ വസ്ത്രങ്ങളാണ് ആദ്യം കണ്ടത്. പിന്നീട് നീർച്ചാലിനു സമീപത്തായി ബാബുവിന്റെ മൃതദേഹവും കണ്ടെത്തി.
ഒരേ ദിവസം രണ്ടിടത്ത് ആനക്കലിയിൽ ഒടുങ്ങിയത് രണ്ട് ജീവനുകൾ… വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, കൂടെയുണ്ടായിരുന്ന ഭാര്യയെ കണ്ടെത്താനായില്ല
പ്രധാന പാതയിൽനിന്ന് 8 കിലോമീറ്ററിലധികം വനത്തിനുള്ളിലൂടെ സഞ്ചരിച്ചാലേ സ്ഥലത്ത് എത്താൻ കഴിയൂ. ബാബു മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥിരീകരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കും.