തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പുത്തരിക്കണ്ടം മൈതാനത്ത് സർക്കാരിന്റെ നാലാം വർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രോഗ്രസ് കാർഡ് പ്രകാശനം നടത്തിയത്. റിപ്പോർട്ടിൽ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടിയിരിക്കുന്നത് ദേശീയപാത വികസനം തന്നെയാണ്. അതുപോലെ കേന്ദ്രസർക്കാർ ഉപേക്ഷിക്കാനൊരുങ്ങിയ ദേശീയപാത വികസനം യാഥാർഥ്യമാകാൻ കാരണം ഇടതുസർക്കാർ ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
എൽഡിഎഫ് പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങൾ എടുത്തുകാട്ടി അതിന്റെ നിർവഹണ പുരോഗതി വിലയിരുത്തുകയാണ് ചെയ്തിരിക്കുന്നത്. പ്രകടനപത്രികയിൽ പറയാതെ നടപ്പാക്കിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. സാമൂഹ്യക്ഷേമത്തിനും പശ്ചാത്തലവികസനത്തിനും സർക്കാർ തുല്യ പ്രാധാന്യമാണു നൽകുന്നതെന്ന് മുഖവുരയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. എല്ലാ നിലയിലും നാടിനു വലിയ പുരോഗതിയാണുള്ളതെന്ന് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. തുറന്ന ജീപ്പിൽ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. സംസ്ഥാനത്തുണ്ടാകുന്ന മാറ്റവും പുരോഗതിയും ജനം സ്വീകരിക്കുന്നുവെന്നതിന്റെ തെളിവാണ് പരിപാടികളിലെ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒൻപത് വർഷം കൊണ്ട് കേരളത്തിൽ അഭിമാനമകരമായ നേട്ടമാണ് ഉണ്ടായത്. എന്നാൽ ഇവിടെ ധനകാര്യ മാനേജ്‌മെന്റിന് കുഴപ്പമുണ്ടെന്ന് വ്യാജപ്രചരണം നടത്തുകയാണ്. ഐടി രംഗത്ത് വലിയ വളർച്ചയുണ്ടാകുന്നു. സ്റ്റാർട്ടപ്പുകളുടെ പ്രധാന ഇടമായി കേരളം മാറി. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിലാണ്. 200 കോടി ചെലവിട്ട് മൂന്ന് സയൻസ് പാർക്കുകൾ കൂടി കേരളത്തിൽ വരും. കൂടാതെ നിക്ഷേപവും സംരംഭങ്ങളും വർധിക്കുകയാണ്. രണ്ടോ മൂന്നോ സ്ഥാപനങ്ങൾക്ക് പ്രതിസന്ധിയുണ്ടെങ്കിൽ അതാണ് പ്രചരിപ്പിക്കുന്നത്. നിസാനും എയർബസും കേരളത്തിലേക്കു വരുന്നു എന്നതാണ് ഇപ്പോഴത്തെ മാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളം കടക്കെണിയിലാണെന്ന തരത്തിൽ തെറ്റായ പ്രചാരണം നടക്കുകയാണെന്നും ഇതിൽ വസ്തുതയുടെ കണിക പോലുമില്ലെന്നും സർക്കാർ വാർഷികത്തിന്റെ തിരുവനന്തപുരം ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് കടവും ആഭ്യന്തര വരുമാനവും തമ്മിലെ അനുപാതം മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ കുറവാണ്. എന്നാൽ, മറിച്ചാണ് പ്രചാരണം. അനുപാതം ഇനിയും കുറയും. ചിട്ടയായ ധനകാര്യ മാനേജ്‌മെന്റ് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ വിവേചനപരമായി പെരുമാറുന്ന കേന്ദ്രത്തെ വെള്ളപൂശാനാണ് ചിലർ ശ്രമിക്കുന്നത്. കേരളത്തോട് താൽപര്യമുള്ളവർ സർക്കാർ ശബ്ദം ഉയർത്തുന്നതിന് ഒപ്പം നിൽക്കണം. വിലക്കയറ്റം ഏറ്റവും കുറഞ്ഞ, വർഗീയ സംഘർഷങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാതെ സമാധാനപരമായി ജീവിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതിദരിദ്ര കുടുംബങ്ങളില്ലാത്ത സംസ്ഥാനമായി കേരളം നവംബർ ഒന്നിന് മാറും. ക്ഷേമ പെൻഷൻ വിതരണത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ 18 മാസം കുടിശിക വരുത്തി. 665 കോടിയായിരുന്നു യുഡിഎഫ് കാലത്തെ ആരോഗ്യ മേഖലയുടെ ബജറ്റ് വിഹിതം. എന്നാൽ എൽഡിഎഫ് 2500 കോടിയാണ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.