കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ് യുവതി അവന്തികക്കെതിരെ സുഹൃത്ത് അന്ന രാജുവിന്റെ വെളിപ്പെടുത്തൽ. അവന്തികയുടെ രാഹുലിനെതിരായ വെളിപ്പെടുത്തൽ രാഷ്ട്രീയപ്രേരിതമാണെന്ന് അന്ന രാജു ആരോപിച്ചു. ബിജെപി നേതാക്കളുമായി കൂടിയാലോചിച്ചാണ് അവന്തികയുടെ നീക്കമെന്ന് കരുതുന്നു.
രാഹുൽ മൂന്നു വർഷം മുൻപു ചാറ്റ് ചെയ്തെന്നാണ് അവന്തിക പറയുന്നത്. സംഭവം നടക്കുന്ന കാലയളവിൽ താനും അവന്തികയും ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. രാഹുൽ വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴും താൻ അവന്തികക്കൊപ്പം ഉണ്ടായിരുന്നു, രാഹുലുമായി ആരാണ് ആദ്യം ചാറ്റിങ് ആരംഭിച്ചതെന്ന് എനിക്കറിയാമെന്നും അന്ന രാജു വെളിപ്പെടുത്തി
‘‘രാഹുലുമായി ആരാണ് ആദ്യം ചാറ്റിങ് ആരംഭിച്ചതെന്ന് എനിക്കറിയാം. അവന്തികയോട് രാഹുൽ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല. അവന്തികയ്ക്കു മാത്രമല്ല ട്രാൻസ്ജൻഡർ സമൂഹത്തിനു പോലും രാഹുലിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ല. രാഹുലും അവന്തികയും നല്ല സുഹൃത്തുക്കളായിരുന്നു. മൂന്നു വർഷം മുൻപ് പേടിയായിരുന്നുവെന്ന് അവർ പറയുന്നത് വെറും കള്ളമാണ്. പല വിഷയങ്ങളിൽ ആലുവ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഞാനും അവന്തികയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്നേ പ്രതികരിക്കാമായിരുന്നു’’ – അന്ന രാജു പറഞ്ഞു.
അതുപോലെ 2019 മുതൽ കേന്ദ്ര സർക്കാരിൻറെ ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് നിലവിലുള്ളതാണ്. അന്നെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവുമായിരുന്നു. ആരോപണം ഉന്നയിക്കാൻ രാഹുൽ എംഎൽഎയാകുന്നത് വരെ കാത്തിരുന്നത് എന്തിനാണെന്നും അന്ന രാജു ചോദിച്ചു. ട്രാൻസ്ജൻഡർ കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയാണ് വെളിപ്പെടുത്തൽ അന്ന രാജു.