കൊച്ചി: പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ്‌ടോപ്പും അടക്കമുള്ളവ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അനന്തുകൃഷ്ണന്‍ നടത്തിയ വന്‍ തട്ടിപ്പില്‍ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും രംഗത്ത്. പ്രാഥമിക അന്വേഷണത്തിനു പിന്നാലെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സ്‌കൂട്ടറും ലാപ്‌ടോപ്പും അടക്കമുള്ളവ സ്ത്രീകള്‍ക്ക് പകുതി വിലയ്ക്ക് ലഭ്യമാക്കുന്നു എന്ന പ്രചരണവുമായാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് പദ്ധതി തുടങ്ങിയത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണെന്നു വരെ അന്നു പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുടുംബശ്രീ പദ്ധതി എന്നായി പ്രചരണം. ഇതിന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയുമെല്ലാം മുന്നില്‍ നിര്‍ത്തിയിട്ടുണ്ട്.
ആവശ്യമുള്ള വസ്തുക്കള്‍ക്ക് പകുതി പണമടച്ച പലര്‍ക്കും ആദ്യ സമയത്ത് സാധനങ്ങള്‍ കിട്ടുകയും ചെയ്തു. എന്നാല്‍, കൂടുതലാളുകള്‍ പണമടച്ചു തുടങ്ങിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തു വരുന്നത്. പണമടച്ച ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും സ്‌കൂട്ടര്‍ കിട്ടാതെ വന്നതോടെ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചു.
സ്‌കൂട്ടറിന്റെ പകുതി വിലയായ 50,000 രൂപ മുതല്‍ 70,000 രൂപ വരെ ഇത്തരത്തില്‍ മുന്‍കൂറായി അടച്ച് ആറു മാസമായിട്ടും സ്‌കൂട്ടര്‍ കിട്ടാത്തവര്‍ ഏറെയാണ്. ഇത്തരത്തില്‍ കോടികളാണ് തട്ടിപ്പുകാര്‍ ഇതിനകം സമാഹരിച്ചിരിക്കുന്നത്.
അതിനിടെ ജനങ്ങളില്‍ നിന്ന് പിരിച്ച പണം പ്രോജക്ടിന് വേണ്ടി തന്നെയാണ് വിനിയോഗിച്ചതെന്ന് പാതിവിലത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണന്‍. എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ ഫണ്ട് സമാഹരണം നടത്തുകയാണെന്നും അതിലൂടെ അപേക്ഷകര്‍ക്ക് അവരുടെ കാര്യങ്ങള്‍ തീര്‍ക്കുന്നതിനുള്ള സാഹചര്യമുണ്ടെന്നും അനന്തുകൃഷ്ണന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പറയുന്ന പല പേരുകളും ശരിയല്ലെന്നും അനന്തുകൃഷ്ണന്‍ പ്രതികരിച്ചു. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ തന്റെ കയ്യില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും അനന്തുകൃഷ്ണന്‍ പ്രതികരിച്ചു. ഇന്നലെ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം.
പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനമാകെ അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങള്‍. ആവശ്യമെങ്കില്‍ ലോക്കല്‍ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെയും മേല്‍നോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സോജനാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും.
അതേസമയം പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാദേവിയുടെ വാദം തെറ്റെന്ന് രേഖകള്‍ പുറത്തുവന്നു. അനന്തുവും പ്രമീളാദേവിയും ബിസിനസ് പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രമീളാദേവിയും അനന്തുകൃഷ്ണനും ചേര്‍ന്ന് കമ്പനി രൂപീകരിച്ചതായും പ്രമീളാദേവി ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം മകള്‍ ലക്ഷ്മി ഡയറക്ടറായെന്നും രേഖകളില്‍ പറയുന്നു.
Summary: Ananthu Krishnan is in trouble again; Ananthu also played a role in election promises, even taking the central government and Kudumbashree into his own hands: Finally, the ED files a case