ന്യൂഡൽഹി: തിരുവനന്തപുരത്തെ പുതിയ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി സിപിഎം വാങ്ങിയത് നിയമപരവുമാണെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. 2021 ൽ വാങ്ങിയ 32 സെന്റ് ഭൂമിയിൽ 30 കോടിയോളം ചെലവഴിച്ച് 9 നില കെട്ടിടം പണിതതായും എം.വി. ഗോവിന്ദൻ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
ഐഎസ്ആർഒ ശാസ്ത്രജ്ഞയായ ഇന്ദു സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നത്. 1998 ൽ താനും മുത്തച്ഛൻ പി. ജനാർദനൻ പിള്ളയും ചേർന്ന് വാങ്ങിയ 32 സെന്റ് ഭൂമി തിരുവനന്തപുരത്തെ കോടതി ലേലം ചെയ്തുവെന്നാണ് സുപ്രിം കോടതിയിൽ ഇന്ദുവിന്റെ പരാതി.
അതേസമയം ഈ ഭൂമിയുടെ ആദ്യ ഉടമ പോത്തൻ കുടുംബാംഗങ്ങൾ ആയിരുന്നു. അവർ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപറേഷനിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നു. ഈ ജപ്തി നടപടികൾ നടക്കുന്നതിനിടയിലാണ് ഇന്ദു ഭൂമി വാങ്ങിയത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ലാഭം ലക്ഷ്യമിട്ടുള്ള റിസ്ക് ആയിരുന്നു ഇന്ദു എടുത്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ തന്നെ ഭൂമിയുടെ യഥാർഥ ഉടമ താനാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇന്ദു ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്നാൽ സിപിഎം 2021 ൽ ഈ ഭൂമി വാങ്ങുമ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട് നിയമപരമായ ഒരു കേസും നിലവിൽ ഇല്ലായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ സിപിഎം നടത്തിയ ഭൂമി ഇടപാട് നിയമപരവും സാധുവും ആണെന്നും ഇന്ദുവിന്റെ ഹർജി തള്ളണമെന്നും ഗോവിന്ദൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.