കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് സൂചന നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ. പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് എൻസിപി നേതൃത്വമാണ്. ശശീന്ദ്രൻ മത്സരിക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്തിയ എൻസിപി നേതാവ് മുക്കം മുഹമ്മദിന് സംഘടനാ ബോധത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംഘടനാതലത്തിൽ മറ്റൊരു തീരുമാനമുണ്ടായില്ലെങ്കിൽ കോഴിക്കോട് എലത്തൂർ മണ്ഡലത്തിൽ എ.കെ.ശശീന്ദ്രൻ മത്സര രംഗത്തുണ്ടാകുമെന്നു വ്യക്തമായി.
‘‘തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ മത്സരിക്കാതിരിക്കാനോ ഞാനല്ല തീരുമാനമെടുക്കുക. അത് ജനാധിപത്യ വിരുദ്ധമായ നിലപാടാകും. ഞാൻ ജനാധിപത്യ വിശ്വാസിയാണ്. ഇടതുപക്ഷ മുന്നണിയോട് ചേർന്നു നിൽക്കുന്ന പ്രവർത്തകനാണ്. പാർട്ടി അച്ചടക്കത്തിൽ പൂർണമായി വിശ്വസിക്കുന്ന ഒരാളാണ്. പാർട്ടി മത്സരിക്കണം എന്ന് പറഞ്ഞാൽ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മത്സരിക്കും. മത്സരിക്കരുത് എന്ന് പറഞ്ഞാൽ എത്ര സൗകര്യം ഉണ്ടെങ്കിലും മത്സരിക്കില്ല. ഞങ്ങൾക്ക് ആകെ മൂന്ന് സീറ്റാണ് ഉള്ളത്. അത് മാസങ്ങൾക്ക് മുൻപേ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഒരു ദിവസം ഞങ്ങൾ ഒരു കമ്മിറ്റി വിളിച്ച് ആലോചിച്ചാൽ തീരുമാനിക്കാൻ കഴിയുന്ന ചെറിയൊരു കാര്യമാണത്. ആ സമയത്ത് എനിക്ക് ഉള്ള എന്റെ പ്രശ്നങ്ങൾ എന്റെ ആഗ്രഹങ്ങൾ അല്ലെങ്കിൽ നല്ലതും ചീത്തയും രണ്ടും പറയും. രണ്ടും പറഞ്ഞിട്ട് ഏതാണ് നല്ലതെന്ന് പാർട്ടി തീരുമാനിക്കും പാർട്ടി തീരുമാനിച്ചാൽ എത്ര ബുദ്ധിമുട്ടുള്ള ഒരു ജോലിയാണെങ്കിലും ആ ബുദ്ധിമുട്ടുള്ള ജോലി ഞാൻ ഏറ്റെടുക്കും’’– ശശീന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.ബാബു ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചത് സംബന്ധിച്ച് അത് ബാബുവിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു മറുപടി. ബാബു മത്സരിക്കണമോ വേണ്ടയോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ബാബുവിന്റെ ബുദ്ധിമുട്ടുകൾ പാർട്ടിയെ അറിയിച്ച് പാർട്ടിയാണ് അദ്ദേഹത്തിന് അനുവാദം കൊടുക്കേണ്ടത്. താൻ പഠിച്ച ജനാധിപത്യ ബോധം അതാണെന്ന് ശശീന്ദ്രൻ പറഞ്ഞു.
എലത്തൂരിൽ സ്ഥാനാർഥി മാറുമെന്ന് മുക്കം ബഷീറിനെ പോലെയുള്ള എൻസിപി നേതാക്കൾ പറഞ്ഞതു സംബന്ധിച്ച് അത് സംഘടനാ ബോധത്തിന്റെ പ്രശ്നമാണ് എന്നായിരുന്നു മറുപടി. പാർട്ടിയിൽ ഏതൊരു അംഗത്തിനും ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എവിടെ പറയണം എപ്പോൾ പറയണം ആരോട് പറയണം എന്ന കാര്യത്തിൽ കോഴിക്കോട് ചില നേതാക്കന്മാർക്ക് പാളിച്ച പറ്റിയിട്ടുണ്ട് ആ പാളിച്ച അവർ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു.
തുടർച്ചയായി മൂന്നു വട്ടമാണ് ശശീന്ദ്രൻ എലത്തൂരിൽ ജയിച്ചത്. 38,502 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കഴിഞ്ഞ തവണ എൻസികെയുടെ സ്ഥാനാർഥിയായി എതിർപക്ഷത്തുണ്ടായിരുന്ന സുൽഫിക്കർ മയൂരിയെ തോൽപ്പിച്ചത്. 1980 മുതൽ ശശീന്ദ്രൻ മത്സര രംഗത്തുണ്ട്. എട്ടു തിരഞ്ഞെടുപ്പിൽ വിജയം നേടിയ അദ്ദേഹം പത്തുവർഷത്തോളം മന്ത്രിപദത്തിലും ഉണ്ടായിരുന്നു.















































