ബെനോനി: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി സംഹാരതാണ്ഡവമാടിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെതിരേ ഇന്ത്യൻ അണ്ടർ 19 ടീമിന് ജയം. പരമ്പരയിലെ രണ്ടാം യൂത്ത് ഏകദിനത്തിലും വിജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.3 ഓവറിൽ 245 റൺസിന് ഓൾഔട്ടായി. ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങുന്നതിടെ മഴയും മിന്നലും കാരണം മത്സരം തടസപ്പെട്ടതോടെ വിജയലക്ഷ്യം 27 ഓവറിൽ 174 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. ഇതോടെ 23.3 ഓവറിൽ രണ്ടു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യംകണ്ടു.
വെറും 24 പന്തിൽനിന്ന് 68 റൺസെടുത്ത ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയുടെ ഇന്നിങ്‌സാണ് ജയം എളുപ്പമാക്കിയത്. 10 സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. 283.33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റൈ വെടിക്കെട്ട് പ്രകടനം. 19 പന്തിൽ നിന്നാണ് വൈഭവ് 50 തികച്ചത്.
അഭിഗ്യാൻ കുണ്ഡു (42 പന്തിൽ നിന്ന് 48*), വേദാന്ത് ത്രിവേദി (57 പന്തിൽ നിന്ന് 31*), ആരോൺ ജോർജ് (19 പന്തിൽ നിന്ന് 20) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യം ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ ടീം ജേസൺ റോവൽസിന്റെ സെഞ്ചുറി മികവിലാണ് 245-ൽ എത്തിയത്. 113 പന്തുകൾ നേരിട്ട റോവൽസ് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 114 റൺസെടുത്തു. ഇന്ത്യയ്ക്കായി കിഷൻ കുമാർ സിങ് നാലു വിക്കറ്റ് വീഴ്ത്തി.
















































