ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ക്ഷേത്രത്തിനുള്ളിൽ വച്ചു അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മേയ് 18-ാം തീയതിയായിരുന്നു സംഭവം. വീടിന് സമീപത്തെ ക്ഷേത്രത്തിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇതിനിടെ കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയെ കണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്തെങ്കിലും പ്രതി മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന് പറഞ്ഞ് പോലീസ് വിട്ടയച്ചതായും ആരോപണമുണ്ട്. പിന്നാലെ കേസ് കൈകാര്യം ചെയ്ത പോലീസിന്റെ രീതിക്കെതിരേ വലിയ പ്രതിഷേധം ഉയർന്നു. എന്നാൽ കസ്റ്റഡിയിലെടുത്ത പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അയാളുടെ വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളെ വിട്ടയച്ചതെന്നും പറയുന്നു. പക്ഷെ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.