മുംബൈ: ബാൽ താക്കറെയുടെ മരണശേഷം ആദ്യമായി മാതോശ്രീയിൽ കാലുകുത്തി രാജ് താക്കറെ. 13 വർഷത്തിന് ശേഷമാണ് ബാൽ താക്കറെയുടെ വസതിയായ മാതോശ്രീയിൽ രാജ് താക്കറെ എത്തുന്നത്. ഉദ്ധവ് താക്കറെയുടെ 65ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് പിണക്കം മറന്ന് രാജ് താക്കറെ എത്തിയത്.
നേരത്തെ ഇരുവരും വേദി പങ്കിട്ടതും വലിയ വാർത്തയായിരുന്നു. മാതോശ്രീക്ക് മുന്നിൽ ഉദ്ധവിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുകയും അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാനിക്കുകയും ചെയ്തു. ഇതിനുമുമ്പ്, 2012 ൽ ബാൽ താക്കറെയുടെ മരണസമയത്താണ് രാജ് താക്കറെ വസതിയിൽ പ്രവേശിച്ചത്.
താക്കറെമാരുടെ ഒത്തുചേരൽ സേന പ്രവർത്തകരെ ആവേശത്തിലാക്കി. ഇരു നേതാക്കളും വീട്ടിനുള്ളിൽ സ്വകാര്യ ചർച്ച നടത്തി. ശിവസേന നേതാവ് സഞ്ജയ് റാവത്ത്, എംഎൻഎസ് നേതാക്കളായ ബാല നന്ദ്ഗാവ്കർ, അവിനാശ് അഭ്യങ്കർ, നിതിൻ സർദേശായി എന്നിവർ സന്നിഹിതരായിരുന്നു. ഉദ്ധവിനെ പാർട്ടിയുടെ അനന്തരാവകാശിയാക്കിയതിനെ തുടർന്നാണ് രാജ് താക്കറെ, ശിവസേനയിൽ നിന്ന് വേർപിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിച്ചത്.
ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കാനുള്ള നീക്കമാണ് ഇരുവരെയും രാഷ്ട്രീയമായി ഒന്നിപ്പിച്ചത്. സ്കൂളുകളിൽ ഹിന്ദി നിർബന്ധമാക്കിയ മഹാരാഷ്ട്ര സർക്കാർ ഉത്തരവ് റദ്ദാക്കിയതിനെ ആഘോഷിക്കുന്നതിനായി ഈ മാസം ആദ്യം മുംബൈയിൽ സംഘടിപ്പിച്ച വിജയ റാലിയിൽ രണ്ട് നേതാക്കളും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. നമ്മളെ ഒരുമിച്ച് കൊണ്ടുവന്നതിന്റെ ബഹുമതി ദേവേന്ദ്ര ഫഡ്‌നാവിസിനാണെന്നും ഇത്രയും വർഷങ്ങളായി നമ്മുടെ ഒരു അഭ്യുദയകാംക്ഷിക്കും നേടാൻ കഴിയാത്തത് ഫഡ്‌നാവിസിന് സാധിച്ചെന്നും രാജ് താക്കറെ പറഞ്ഞിരുന്നു.