കൊല്ലം: ആഡംബര ഹോട്ടലിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ അസഭ്യം വിളിച്ചതിന് കസ്റ്റഡിയിലെടുത്ത നടൻ വിനായകനെ പോലീസ് കേസെടുത്ത ശേഷം വിട്ടയച്ചു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനാണ് വിനായകനെതിരെ പോലീസ് കേസെടുത്തത്.
ഒരു സിനിമാ ചിത്രീകരണത്തിന്റെ ആവശ്യത്തിനായിരുന്നു വിനായകൻ കൊല്ലത്ത് എത്തിയത്. ഷൂട്ടിംഗ് പൂർത്തിയാക്കി വിശ്രമിക്കുന്നതിനിടെ, വിനായകന്റെ മാനേജർ മദ്യപിച്ച് ബഹളം വച്ചു. ഇത് ചോദിക്കാനാണ് നടൻ ആദ്യം ഇടപെട്ടത്. തുടർന്ന് ഹോട്ടൽ ജീവനക്കാരെ കയ്യേറ്റം ചെയ്യാനുള്ള ശ്രമമായി. ഇതിനിടെ ഹോട്ടലിൽ എത്തിയ സ്ത്രീകളും കുട്ടികളും കേൾക്കേ അസഭ്യവും വിളിച്ചു. ഹോട്ടലുകാർ വിവരമറിയിച്ചതിന് തുടർന്ന് പോലീസെത്തി വിനായകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആദ്യം സ്റ്റേഷനിൽ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പോലീസുകാരെയും വിനായകൻ ചീത്ത വിളിച്ചു. പിന്നീടു പുറത്തേക്കിറങ്ങി പോകാൻ ബഹളം വച്ചപ്പോൾ പോലീസ് സ്റ്റേഷന്റെ വാതിൽ മുന്നിൽ നിന്ന് പൂട്ടി. ഇതിനിടെ വിനായകന്റെ മാനേജർ ദൃശ്യങ്ങൾ പകർത്തരുത് എന്ന് പറഞ്ഞതും തർക്കത്തിനിടയാക്കി. ഒടുവിൽ പോലീസ് വിട്ടയച്ച വിനായകൻ, പോകുന്നില്ല എന്ന് പറഞ്ഞും സ്റ്റേഷനിൽ ബഹളം വച്ചു. തുടർന്നു നാലു മണിക്കൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച വിനായകനെ വൈകിട്ടോടെ വിട്ടയയ്ക്കുകയായിരുന്നു.