തൃശൂർ: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വിബി അജയകുമാർ (48) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ കൊടുങ്ങല്ലൂരിലെ വസതിയിലാണ് പൊതുദർശനം. സംസ്ക്കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ ചപ്പാറ ശ്മശാനത്തിൽ നടക്കും. ദളിത് ആദിവാസി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന റൈറ്റ്സ് (RIGHTS) എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ചെയർമാൻ ആയിരുന്നു.
നർമ്മദ ബച്ചാവോ അന്തോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ പ്രവർത്തനം തുടങ്ങിയ അജയകുമാർ നിരവധി യുഎൻ സമ്മേളനങ്ങളിൽ പാർശ്വവൽകൃത സമൂഹങ്ങൾക്കായി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്ത cop 26, cop 28 സമ്മേളനങ്ങളിലും പങ്കെടുത്തു. 2018ലെ പ്രളയകാലത്ത് ദളിത്, തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്കായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.