ന്യൂഡൽഹി: വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ സഭയിലെത്താത്തതില്‍ വിശദീകരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. അസുഖബാധിതയായ സുഹൃത്തിനെ സന്ദർശിക്കാനായി വിദേശത്തായിരുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്. കോൺഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചിട്ടാണ് പ്രിയങ്ക വിദേശയാത്ര നടത്തിയത്. പാർലമെൻ്റ് സമ്മേളനത്തിൻ്റെ അവസാന രണ്ട് ദിവസം സഭയിൽ ഉണ്ടാകില്ലെന്ന് മുൻകൂട്ടി പ്രിയങ്ക അറിയിച്ചിരുന്നു.
ഏറ്റവും അടുത്ത സുഹൃത്ത് കാൻസർ ബാധിതയായി വിദേശത്തു ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലായ സുഹൃത്തിനെ കാണാനായാണു പ്രിയങ്ക വിദേശത്തേക്കു പോയതെന്നാണ് വിശദീകരണം. വഖഫ് ബില്ലിന്റെ ചർച്ചയിലോ വോട്ടെടുപ്പിലോ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നില്ല. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എംപിമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയിരുന്നു. എന്നാൽ, വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക പാർലമെന്റിൽ എത്താതിരുന്നത് ചർച്ചയായിരുന്നു.
ലോക്സഭയിൽ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നില്ല. എക്‌സിലൂടെ മാത്രമാണ് രാഹുൽ ഗാന്ധി ബില്ലിനെതിരെ സംസാരിച്ചത്. ‘വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു’- രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചിരുന്നത്.