ലഹോർ: ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനെ മാത്രമല്ല വിരാട് കോലിയെ പരിഹസിക്കാൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ്. മത്സരത്തിൽ ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലിനെ പുറത്താക്കിയപ്പോൾ ‘കയറിപ്പോകാൻ’ ആംഗ്യം കാണിച്ചു വൻ വിമർശനങ്ങൾ നേരിടേണ്ടിവന്ന താരമാണ് അബ്രാർ. അബ്രാറിന്റെ ആഘോഷ പ്രകടനത്തിനെതിരെ മുൻ പാക്കിസ്ഥാൻ താരം വാസിം അക്രമും രംഗത്തെത്തിയിരുന്നു.
പിന്നീടാണ് താൻ കോലിക്കെതിരെ പന്തെറിയുമ്പോൾ പറ്റുമെങ്കിൽ ഒരു സിക്സടിക്ക് എന്നു പറഞ്ഞ് പ്രകോപിപ്പിക്കാൻ ശ്രമിച്ചതെന്നു അബ്രാർ പാക്ക് മാധ്യമത്തോടു പറഞ്ഞു. കോലിക്കെതിരെ പന്തെറിയാൻ ലഭിച്ച അവസരത്തിൽ പരമാവധി വെല്ലുവിളി ഉയർത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അബ്രാർ വ്യക്തമാക്കി. ‘‘കോലിക്കെതിരെ പന്തെറിയുകയെന്ന കുട്ടിക്കാലം മുതലുള്ള എന്റെ മോഹം ദുബായിൽവച്ച് നടന്നു. അതൊരു വലിയ വെല്ലുവിളിയായിരുന്നു. കോലിയെ കളിയാക്കാൻ ഞാൻ ശ്രമിച്ചു. പറ്റുമെങ്കിൽ ഒരു സിക്സടിക്കാൻ പറഞ്ഞു. പക്ഷേ അദ്ദേഹം ദേഷ്യപ്പെട്ടില്ല.’’
‘‘കോലി ഒരു വലിയ ബാറ്ററാണ്. അതു നമുക്കെല്ലാവർക്കും അറിയാം. പക്ഷേ അദ്ദേഹം നല്ലൊരു മനുഷ്യൻ കൂടിയാണ്. മത്സരശേഷം എന്റെയടുത്തു വന്ന കോലി നന്നായി പന്തെറിഞ്ഞെന്നാണു പറഞ്ഞത്. ആ ദിവസത്തെ എന്റെ വലിയ സന്തോഷമായിരുന്നു അത്. അണ്ടർ 19 ടീമുകളിൽ കളിക്കുമ്പോൾ, കോലിക്കെതിരെ ഒരു ദിവസം പന്തെറിയുമെന്നു ഞാൻ സഹതാരങ്ങളോടു പറയാറുണ്ട്. കോലിയുടെ ഫിറ്റ്നസും ഗംഭീരമാണ്. വിക്കറ്റുകൾക്കിടയിൽ അദ്ദേഹം ഓടുന്നതു കാണാൻ തന്നെ രസമാണ്. അതാണു കോലിയെ വേറിട്ട താരമാക്കുന്നത്.’’
ഗില്ലിനെതിരെ ആക്ഷൻ കാണിച്ചതിന് അബ്രാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘‘ഗില്ലിനെതിരായ ആഘോഷപ്രകടനത്തിൽ എനിക്കു തെറ്റൊന്നും തോന്നുന്നില്ല. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതായോ, അത് ആരെയെങ്കിലും വേദനിപ്പിച്ചതായോ ഒരു ഒഫീഷ്യലും എന്നോടു പറഞ്ഞിട്ടില്ല. പക്ഷേ ആർക്കെങ്കിലും വേദന ഉണ്ടായെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു. ഞാൻ അതു ബോധപൂർവം ചെയ്തതല്ല.’’