ബെയ്‌ജിങ്: യുവാവിന്റെ വിചിത്രമായ ഹോബി ഒടുവിൽ എത്തിച്ചത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക്. ചൈനയിലെ ചോങ്‌കിംഗിൽ നിന്നുള്ള ലി ക്വി എന്ന യുവാവാണ് ആശുപത്രിയിൽ എത്തിയത്. ഇയാളുടെ വിചിത്രമായ ശീലമായിരുന്നു അഴുക്കായിരിക്കുന്ന സോക്സ് മണപ്പിച്ച് നോക്കുക എന്നത്.
ദിവസവും വൈകുന്നേരം ഇയാൾ ഉപയോഗിച്ച സോക്സ് മണത്ത് നോക്കും . ഇതാണ് പിന്നീട് ഗുരുതരമായ പ്രശ്നങ്ങളിൽ എത്തിച്ചത്. ഇതിന് പിന്നാലെ ഇയാൾക്ക് കഠിനമായ ചുമ വരികയായിരുന്നു. ഉറങ്ങാനോ ശരിക്കും ശ്വാസം കഴിക്കാനോ ഒന്നും തന്നെ പറ്റാത്ത അവസ്ഥയായി തീർന്നു. തുടക്കത്തിൽ, ലി കുറച്ച് കഫ് സിറപ്പുകൾ ഒക്കെ കഴിച്ചു. എന്നാൽ, ലക്ഷണങ്ങൾ വഷളായപ്പോൾ, ഡോക്ടർമാർ പരിശോധന ആരംഭിക്കുകയായിരുന്നു.വിശദമായ ബ്രോങ്കോസ്കോപ്പിക്ക് ശേഷമാണ് യുവാവിന് ആസ്പർജില്ലോസിസ് എന്നറിയപ്പെടുന്ന ആസ്പർജില്ലസ് ഫംഗസ് മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് എന്ന് സ്ഥിരീകരിക്കുന്നത്.
ചെറിയ അലർജി ആയും ഗുരുതരമായ അണുബാധയായും ഒക്കെ ഇത് മാറിയേക്കാം എന്നാണ് പറയുന്നത്. അതുപോലെ, ശ്വാസകോശം, സൈനസസ്, മറ്റ് അവയവങ്ങൾ എന്നിവയെ ഒക്കെയും ഇത് ബാധിക്കുകയും ചെയ്യാം. ഡോ. പീക്യാങ്ങ് പറയുന്നത് ലിയുടെ സോക്സ് മണപ്പിക്കുന്ന ശീലം അദ്ദേഹത്തിന്റെ ശ്വാസകോശത്തെ ഫംഗസ് ബാധിക്കുന്നതിന് കാരണമായി തീർന്നിരിക്കാം എന്നാണ്.ഇയാളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു.