പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്ത്. പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് ഉച്ചയ്ക്ക് മുൻപാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹ മാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കുന്നു.
അതേസമയം രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്ന് കോടതി പറഞ്ഞു. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിൻറെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിൻറെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ല എന്നും ഉത്തരവിൽ പറയുന്നു. കൂടാതെ,പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ വൈകി (ഒരു വർഷം, ഒൻപത് മാസം) എന്ന പ്രതിഭാഗത്തിൻറെ വാദവും കോടതി അംഗീകരിച്ചു.
പരാതിക്കാരി വിദേശത്ത് ആയതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന പ്രോസിക്യൂഷന്റെ വാദം നിലനിൽക്കില്ലെന്നും കേസിൽ നേരിട്ടുള്ള മറ്റ് സാക്ഷികളും ഇല്ല അതുകൊണ്ടുതന്നെ എസ്ഐടി കസ്റ്റഡി ഇനി വേണ്ട. അതിനാൽ ജാമ്യം അനുവദിക്കുന്നു എന്നും കോടതി വ്യക്തമാക്കി.

















































