ന്യൂഡൽഹി: സിപിഎമ്മിലേക്കെത്തിക്കാനുള്ള ചർച്ച ദുബായിൽ നടന്നെന്ന കഴിഞ്ഞ ദിവസം പുറ്തതുവന്ന വാർത്ത തള്ളി ശശി തരൂർ. ദുബായിൽ ചർച്ച നടത്തിയെന്ന ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതെന്നാണ് ശശി തരൂർ വ്യക്തമാക്കി. നിങ്ങളുടെ ആഹാരത്തിന് വേണ്ടി നിങ്ങൾ ചെയ്യുന്നതാണെന്നും പറയാനുള്ളത് പാർട്ടി നേതൃത്വത്തോടെ പറയൂ. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസം.
അതേസമയം യോഗത്തിൽ പങ്കെടുക്കാഞ്ഞത് അവർ ക്ഷണിച്ച സമയത്ത് ഞാൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണ്. ഈ വിഷയത്തിൽ കൂടുതൽ പറയാനില്ല, കൂടുതൽ പറഞ്ഞാൽ വീണ്ടും ചോദ്യങ്ങൾ വരും. പ്രതികരണത്തിനുള്ള സമയം ഇതല്ല. സമയം വരുമ്പോൾ സംസാരിക്കാമെന്നും തരൂർ വ്യക്തമാക്കി. ഇതോടുകൂടി നേതൃത്വവുമായി ചർച്ച ഉണ്ടാകുമെന്നുള്ള സൂചനയാണ് തരൂർ നൽകിയത്.
തരൂർ സിപിഎമ്മിലേക്കു എത്തുന്നുവെന്നും ഇതിനായി മുഖ്യമന്ത്രിയുമായി അടുപ്പമുള്ള പ്രവാസി വ്യവസായി ഇടനിലക്കാരനാകുന്നു എന്നതരത്തിലായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ കൂടിക്കാഴ്ചയും ചർച്ചയും നടന്നെന്നുള്ള വാർത്തകൾ പൂർണമായി തള്ളിയിരിക്കുകയാണ് തരൂർ.
അതേസമയം, ഇന്നലെ നടന്ന കോൺഗ്രസ് പാർലമെൻററി നയ രൂപീകരണ യോഗത്തിലും ശശി തരൂർ പങ്കെടുത്തില്ല. നയ രൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ ശശി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. അതുപോലെ ഇന്നു നടക്കുന്ന് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും അദ്ദേഹം ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല. ദുബായിൽ നിന്ന് തരൂർ ഡൽഹിയിലേക്ക് തിരിച്ചെത്തിയത് ഇന്നലെ രാത്രിയാണ്.















































