ഗുവാഹട്ടി: ക്രീസിൽ ഓപ്പണർ അഭിഷേക് ശർമയുടെ പൂണ്ടുവിളയാട്ടം, കട്ടയ്ക്കു നായകൻ സൂര്യകുമാർ യാദവും ചേർന്നതോടെ കിവീസിനെ നിർത്തിയടിച്ച് ടീം ഇന്ത്യ. ഇരുവരും ചേർന്ന് നടത്തിയ ബാറ്റിങ് ആക്രമണത്തിൽ ന്യൂസീലൻഡിന് മൂന്നാം തവണയും നാണംകെട്ട തോൽവി. 20 ഓവറിൽ ന്യൂസീലൻഡ് നേടിയ 153 റൺസ് മറികടക്കാൻ ഇന്ത്യക്ക് വേണ്ടി വന്നത് വെറും പത്തോവർ. മൂന്നാം മത്സരവും ജയിച്ച് ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര (3-0) ഉറപ്പിച്ചു. എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 20 പന്തിൽനിന്ന് 68 റൺസുമായി പുറത്താവാതെ നിന്ന അഭിഷേക് ശർമയും 26 പന്തിൽ 57 റൺസ് നേടിയ സൂര്യകുമാർ യാദവുമാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 153 അടിച്ചു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ, പത്തോവർ ബാക്കിനിൽക്കേ ലക്ഷ്യം മറികടന്നു. മാറ്റ് ഹെൻട്രിയുടെ ആദ്യബോളിൽ സഞ്ജു സാംസൺ ഗോൾഡൻ ഡക്കായി മടങ്ങിയത് മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച നിരാശ. ഇഷാൻ കിഷൻ 13 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 28 റൺസ് നേടി പുറത്തായി. പിന്നലെ അഭിഷേകും സ്കൈയും ചേർന്ന് ഇന്ത്യൻ വിജയം മിന്നൽ വേഗത്തിലാക്കി.
ന്യൂസീലൻഡ് ഉയർത്തിയ 154 എന്ന വിജയലക്ഷ്യത്തെ തലങ്ങും വിലങ്ങും സിക്സും ഫോറും പായിച്ചാണ് അഭിഷേക് നേരിട്ടത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ്. പിന്നാലെ വെറും 14 പന്തിൽനിന്നാണ് അർധ സെഞ്ചുറി. ഏറ്റവും കുറഞ്ഞ പന്തിൽ അർധ സെഞ്ചുറി കുറിക്കുന്ന ലോകത്തെ മൂന്നാമത്തെ താരമാണ് അഭിഷേക്. ടി20-യിൽ 25 പന്തിനുള്ളിൽ ഒൻപത് തവണയാണ് അഭിഷേക് അർധസെഞ്ചുറി നേടുന്നത്. ഇതും ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമാണ്. 13 പന്തിൽ അഞ്ച് സിക്‌സും ഏഴ് ഫോറും ഉൾപ്പെട്ടതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. സൂര്യകുമാറിന്റെ ഇന്നിങ്‌സിൽ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും ഉൾപ്പെടുന്നു.
മാത്രമല്ല ന്യൂസീലൻഡ് എറിഞ്ഞ പത്തോവറുകളിലും ഏറ്റവും കുറഞ്ഞത് 11 റൺസെങ്കിലും നേടിയിട്ടുണ്ട് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഗ്ലെൻ ഫിലിപ്സിന്റെയും (48) മാർക്ക് ചാപ്മാന്റെയും (32) ഇന്നിങ്സുകളാണ് ന്യൂസീലൻഡിനെ മാനം കെടാതെ രക്ഷിച്ചത്. ഇന്ത്യക്കായി മൂന്ന് വിക്കറ്റുകൾ നേടി ജസ്പ്രീത് ബുംറ തിരിച്ചുവരവ് ഗംഭീരമാക്കി. ഹാർദിക് പാണ്ഡ്യ, രവി ബിഷ്ണോയ് എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടി.
34-ന് മൂന്ന് എന്ന നിലയിൽ തകർന്ന കിവികളെ ഗ്ലെൻ ഫിലിപ്സും മാർക്ക് ചാപ്മാനും ചേർന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇരുവരും നാലാം വിക്കറ്റിൽ 41 പന്തിൽ 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 27 റൺസും ഡറിൽ മിച്ചൽ 14 റൺസും ടിം സിഫർട്ട് 12 റൺസും നേടി. രണ്ടക്കം തികയ്ക്കാനാവാതെ 5 പേരാണ് മടങ്ങിയത്. 32 റൺസെടുക്കുന്നതിനിടെ കിവികളുടെ അഞ്ച് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. നാലോവർ എറിഞ്ഞ ബുംറ 17 റൺസ് മാത്രം വിട്ടുനൽകിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ബൗളർമാരിൽ ഏറ്റവും കുറവ് റൺസ് വിട്ടുകൊടുത്തതും ബുംറയാണ്. രവി ബിഷ്‌ണോയ് നാലോവറിൽ 18 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് നേടി.

















































